ഉയിർപ്പുതിരുന്നാൾ
(കാർമ്മികനും ശുശ്രൂഷികളും സഹായികളും ക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങൾ ധരിച്ച്, കുർബാനക്രമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതനുസരിച്ച് പ്രദിക്ഷണമായി വചനവേദിയിൽ വന്നുനിൽക്കുന്നു).
സ്നേഹത്തിന്റെ കല്പന
(യോഹ. 13:34-35)
കാര്‍മ്മി: അന്നാപെസഹാത്തിരുനാളില്‍
കര്‍ത്താവരുളിയ കല്പനപോല്‍
തിരുനാമത്തില്‍ച്ചേര്‍ന്നീടാം
ഒരുമയോടി ബലിയര്‍പ്പിക്കാം.
സമുഹം: അനുരഞ്ജിതരായ് തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം.
മാലാഖമാരുടെ കീര്‍ത്തനം
(ലൂക്കാ 2:14)
കാര്‍മ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തൂതി.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേന്‍.
(പകരം ഗാനം)
കാര്‍മ്മി: അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍ സര്‍വ്വേശനു സ്തൂതി ഗീതം.
സമൂഹം: ഭൂമിയിലെങ്ങും മര്‍ത്യനു ശാന്തി പ്രത്യാശയു മെന്നേക്കും.
കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമെ / അങ്ങയുടെ രാജ്യം വരണമെ. അങ്ങയുടെ തിരുമനസ്സു സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. ഞങ്ങള്‍ക്കു ആവശ്യകമായ ആഹാരം / ഇന്നു ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ. ദുഷ്ടാരൂപിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമെ. എന്തുകൊണ്ടെന്നാല്‍ /രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു / മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് ഉല്‍ഘോഷിക്കുന്നു.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
(പകരം ഗാനം)
കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍
നാമം പൂജിതമാകണമേ
നിന്‍ രാജ്യം വന്നീടണമേ
പരിശുദ്ധന്‍ നീ പരിശുദ്ധന്‍.
സമൂഹം: സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍,
സ്തുതിതൻ നിസ്തുല മഹിമാവാല്‍
ഭൂസ്വര്‍ഗ്ഗങ്ങള്‍ നിറഞ്ഞു സദാ,
പാവനമായി വിളങ്ങുന്നു.
വാനവ മാനവ വൃന്ദങ്ങള്‍
ഉദ്ഘോഷിപ്പു സാമോദം
പരിശുദ്ധന്‍ നീ എന്നെന്നും,
പരിശുദ്ധന്‍ നീ പരിശുദ്ധന്‍.
സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍
നാമം പൂജിതമാകണമേ
നിന്‍ രാജ്യം വന്നീടണമേ
നിന്‍ ഹിതമിവിടെ ഭവിക്കണമെ.
സ്വര്‍ഗ്ഗത്തെന്നതുപോലുലകില്‍
നിന്‍ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങള്‍ക്കിന്നരുളീടണമേ.
ഞങ്ങള്‍ കടങ്ങള്‍ പൊറുത്തതുപോല്‍
ഞങ്ങള്‍ക്കുള്ള കടം സകലം
പാപത്തിന്‍ കട ബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.
ഞങ്ങള്‍ പരീക്ഷയിലൊരുനാളും,
ഉള്‍പ്പെടുവാനിടയാകരുതേ,
ദുഷ്ടാരൂപിയില്‍ നിന്നെന്നും,
ഞങ്ങളെ രക്ഷിച്ചരുളണമേ.
എന്തെന്നാലെന്നാളേക്കും,
രാജ്യം ശക്തിമഹത്വങ്ങള്‍,
താവകമല്ലോ കര്‍ത്താവേ,
ആമ്മേനാമ്മേനെന്നേക്കും.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: യുഗങ്ങളുടെ രാജാവായ മിശിഹായേ, മരണത്തെ പരാജയപ്പെടുത്തി ഞങ്ങള്‍ക്കു ജീവന്‍ പ്രദാനം ചെയ്ത നിന്റെ അനന്തകാരുണ്യത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. നിന്റെ ഉത്ഥാനരഹസ്യം ആഘോഷിക്കുന്നതിനും, അതിന്റെ ദിവ്യഫലങ്ങൾ അനുഭവിക്കുന്നതിനും ഞങ്ങളെ ഒരുമിച്ചുകൂട്ടിയതിന് ഞങ്ങള്‍ നന്ദിപറയുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍നിന്നു മോചിതരും പാപത്തിന്റെ ബന്ധനങ്ങളില്‍നിന്നു സ്വതന്ത്രരുമായി ഉത്ഥാനത്തിന്റെ സൗഭാഗ്യത്തിൽ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാകട്ടെ. ഈ ദിവ്യരഹസ്യങ്ങള്‍ യോഗ്യതാപൂര്‍വ്വം പരികര്‍മ്മം ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
സങ്കീര്‍ത്തനമാല (മർമ്മീസ)
സങ്കീർത്തനം 46,47,48
(ഗാനം - രീതി: കർത്താവേ മമ രാജാവേ... )
സൈന്യങ്ങള്‍ തന്നധിനാഥന്‍
നമ്മോടൊത്തു വസിക്കുന്നു
യാക്കോബിൻ ബലമാം ദൈവം
ഓര്‍ക്കുകില്‍ നമ്മുടെയവലംബം
കരഘോഷങ്ങള്‍ മുഴക്കിടുവിന്‍
തിരുസന്നിധിയില്‍ ജനതകളേ,
ആഹ്ളാദാരവമുയരട്ടെ
ദൈവത്തിന്‍ തിരു ഭവനത്തില്‍.
ദൈവസ്‌തുതികൾ പാടിടുവിൻ
സ്തോത്രം ചെയ്തു പുകഴ്ത്തിടുവിൻ
കീര്‍ത്തനഗീതം മീട്ടിടുവിന്‍
നമ്മുടെ രാജാവവനല്ലോ.
ഭൂമിക്കെല്ലാമധിപനവന്‍
അവനായ് ഗീതം പാടുകനാം
ദൈവം ജനതയ്ക്കുധിനാഥന്‍
സിംഹാസനമതില്‍ വാഴുന്നു.
കര്‍ത്താവുന്നതനാകുന്നു
സ്തുത്യർഹൻ നിജനഗരത്തില്‍
ഉന്നതമവനുടെ പുണൃഗിരി
മന്നിനു മുഴുവന്‍ സാഘോഷം.
ശുശ്രൂഷി: ഹല്ലേലൂയ്യ, ഹല്ലേലൂയ്യ, ഹല്ലേലൂയ്യ, നമുക്ക് പ്രാര്‍ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: ലോകരക്ഷകനായ മിശിഹായേ, ലോകം മുഴുവന്‍ നിന്റെ സമാധാനത്താല്‍ നിറയട്ടെ. നിന്റെ പരിശുദ്ധമായ സ്ലീവായാല്‍ നിന്റെ സഭയെ ശക്തിപ്പെടുത്തുകയും അവളുടെ സന്താനങ്ങളെ നിന്റെ കൃപയാല്‍ സംരക്ഷിക്കുകയും ചെയ്യണമേ. ഞങ്ങള്‍ എല്ലാ സമയവും സഭയില്‍ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ ഇടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
ഗാനം
ഉന്നതവാനിടമേ
വാതില്‍ തുറക്കുക നീ
മംഗളദീപവുമായ്
മന്നവനണയുന്നു.
ഉന്നതവാനിടമേ ...
നിത്യമനോഹരനാം
നിര്‍മ്മലദൈവസുതന്‍
വെള്ളിവെളിച്ചത്തില്‍
മുങ്ങിവിളങ്ങുന്നു.
ഉന്നതവാനിടമേ ...
പൊട്ടിയ ബന്ധത്തിന്‍
കണ്ണികള്‍ കൂടുന്നു:
വിണ്ടലമവനിയുമായ്
വീണ്ടുമിണങ്ങുന്നു.
ഉന്നതവാനിടമേ ...
ഉയിർപ്പിൻറെ ഗീതം
(രീതി: ഉന്നതവാനിടമേ ...)
നിനക്കു ഞാൻ സമാധാനം ആശംസിക്കും
ദൈവത്തിന്‍ ജനമേ, ശാന്തിയില്‍ മുങ്ങിടുവിന്‍
ഉത്ഥിതനായല്ലോ മിശിഹാ ശാന്തിയുമായ്.
നീതിമാന്മാർക്ക് അന്ധകാരത്തിൽ പ്രകാശമുദിച്ചു.
നിത്യവെളിച്ചമിതാ പാരിലുദിച്ചല്ലോ
ദൈവത്തിന്‍ തനയന്‍ സത്യവെളിച്ചംതാന്‍.
ഭൂമിയിൽ എങ്ങും ആഹ്ലാദം.
തിരുവുത്ഥാനത്തില്‍ സൃഷ്ടികള്‍ മോദിപ്പു,
കാരണമതുവഴി നാമനുരഞ്ജിതരായി.
ഇപ്പോൾ മുതൽ എന്നേക്കും
ഉത്ഥാനംവഴിയായ് പാപവിമോചനവും
മൃതിയില്‍ ജീവനുമാനാഥന്‍ നല്കുകയായി.
എന്നും എന്നേക്കും
സാത്താൻ കദനത്താൽ തേങ്ങുന്നനുനിമിഷം
ഉത്ഥാനം വഴിയായ് സഭയോ മോദിപ്പൂ
തൻറെ ശക്തി പ്രാപിക്കുന്നതിനു വേണ്ടി
മൃത്യുകുടീരത്തിൽ നിന്നവനുത്ഥിതനായി
സൃഷ്ടി ഗണത്തില്‍ത്തന്‍ ശാന്തി വിതയ്ക്കുകയായ്.
നമ്മുടെ രാജാവായ ദൈവത്തിന് സ്തുതികളാലപിക്കുവിൻ
രാജാവാം മിശിഹായ്ക്കെന്നും സ്തുതിപാടാം,
തന്‍ ജനനിരകള്‍ക്കായ് രക്ഷപകര്‍ന്നീശന്‍.
വരുവിൻ, നമുക്ക് അവനിൽ സന്തോഷിച്ചുല്ലസിക്കാം
സഭയുടെയുന്നതമാം തിരുനാള്‍ ദിനമല്ലോ
നാഥന്‍ നല്കിടുമീയൊരുമ നിനച്ചീടാം.
(കാർമ്മികൻ ധൂപം ആശീർവ്വദിക്കുന്നു.)
കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ / അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ധൂപം / അങ്ങയുടെ മഹനീയത്രിത്വത്തിന്റെ നാമത്തില്‍ + ആശീർവദിക്കപ്പെടട്ടെ. ഇത് അങ്ങയുടെ പ്രസാദത്തിനും / അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്നേക്കും.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയാത്തതുമായ / എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി / സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടിനില്ക്കുന്ന സഭയില്‍ / ഞങ്ങള്‍ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു / പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
(മദുബഹയുടെ വിരിനീക്കുന്നു. ശുശ്രൂഷി മദുബഹയിൽ പ്രവേശിച്ച് ധൂപിക്കുന്നു.)
(ഉത്ഥാന ഗീതം)
(എല്ലാവരും അൾത്താരയിലേക്ക് തിരിഞ്ഞു ശിരസ്സു നമിക്കുന്നു)
സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.
മര്‍ത്യനു നിത്യമഹോന്നതമാ
മുത്ഥാനം നീയരുളൂന്നു
അക്ഷയമവനുടെ ആത്മാവി
ന്നുത്തമരക്ഷയുമേകുന്നു.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
(കാർമ്മികൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞ്)
കാര്‍മ്മി: എന്റെ കര്‍ത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയര്‍പ്പിക്കുന്നവനും / ആത്മാക്കളെ രക്ഷിക്കുന്നവനും / ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങള്‍ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ കടപ്പെട്ടവരാകുന്നു / സകലത്തിന്റെയും നാഥാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
ത്രൈശുദ്ധ കീര്‍ത്തനം
ശബ്ദമുയര്‍ത്തിപ്പാടിടുവിന്‍
സര്‍വ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിൻ
പരിപാവനനാം സര്‍വ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമര്‍ത്യനേ
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: വിശുദ്ധരില്‍ സംപ്രീതനായി വസിക്കുന്ന / പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കര്‍ത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം / എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും / ഞങ്ങളോടു കരുണകാണിക്കുകയും ചെയുണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
വചന ശുശ്രൂഷ
പഴയ നിയമ വായനകള്‍
ഒന്നാം വായന (ഏശയ്യാ 60: 1-7)
രണ്ടാം വായന (1 സാമുവൽ 2: 1-10)
ശുശ്രൂഷി: സഹോദരരേ നിങ്ങള്‍ ഇരുന്നു ശ്രദ്ധയോടെ കേള്‍ക്കുവിന്‍.
വായിക്കുന്നയാള്‍: ----- പുസ്തകത്തില്‍ നിന്നുള്ള വായന (കാർമ്മികനു നേരെ തിരിഞ്ഞ്) ഗുരോ ആശീർവ്വദിക്കണമേ.
കാര്‍മ്മി: ദൈവം നിന്നെ + അനുഗ്രഹിക്കട്ടെ.
(വായന തീരുമ്പോൾ)
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തൂതി.
ശുശ്രൂഷി: പ്രകീര്‍ത്തനം ആലപിക്കുവാനായി നിങ്ങള്‍ എഴുന്നേല്ക്കുവിന്‍.
പ്രകീര്‍ത്തനം
കാര്‍മ്മി: സര്‍വ്വചരാചരവും,
ദൈവമഹത്വത്തെ, വാഴ്ത്തിപ്പാടുന്നു.
സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍,
ഹല്ലേലുയ്യാ ഗീതികളാല്‍
കർത്താവിന്നുത്ഥാനത്തിൻ
നിര്‍മ്മലമാകുമനുസ്മരണം, കൊണ്ടാടാം,
ഇന്നീ വേദികയില്‍.
കാര്‍മ്മി: തൻകരവിരുതല്ലോ,
വാനവിതാനങ്ങൾ, ഉദ്ഘോഷിക്കുന്നു.
സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...
കാര്‍മ്മി: പകലുകൾ പകലുകളോ,
ടവിതരമവിടുത്തെ, പുകളുരചെയുന്നു.
സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...
കാര്‍മ്മി: നിത്യപിതാവിനും,
സുതനും റൂഹായ്ക്കും, സ്തുതിയുണ്ടാകട്ടെ.
സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...
കാര്‍മ്മി: ആദിയിലെപ്പോലെ,
ഇപ്പൊഴുമെപ്പോഴും, എന്നേക്കും ആമ്മേന്‍.
സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ / അങ്ങയുടെ ജീവദായകവും ദൈവികവുമായ / കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും / ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ. അതുവഴി ആത്മശരീങ്ങള്‍ക്കുപകരിക്കുന്ന / സ്നേഹവും ശരണവും രക്ഷയും ഞങ്ങളില്‍ ഫലമണിയുന്നതിനും / നിരന്തരം ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നതിനും / അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
ലേഖനം
(റോമാ 5: 20 - 6: 23)
വായിക്കുന്ന ആള്‍: സഹോദരരേ, വി. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം. (കാർമ്മികനു നേരെ തിരിഞ്ഞ്) ഗുരോ ആശീർവ്വദിക്കണമേ.
കാര്‍മ്മി: മിശിഹാ + നിന്നെ അനുഗ്രഹിക്കട്ടെ.
(ഒരു ശുശ്രൂഷി കത്തിച്ച തിരിയുമായി സമീപത്തു നിൽക്കുന്നു).
(വായന തീരുമ്പോൾ)
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.
ഹല്ലേലുയ്യാ ഗീതം
ഹല്ലേലുയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.
കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പം
മര്‍ത്ത്യര്‍ക്കേകും മാമ്മോദീസാ.
കര്‍ത്താവെന്നും വാണീടുന്നു,
ഭൂതല-മഖിലം മോദിക്കട്ടെ.
കരയും കടലും തടവില്ലാതെ,
സ്വരമുച്ചത്തി-ലുയര്‍ത്തീടട്ടെ.
കര്‍ത്താവിന്‍ സ്തുതി പാടുക മോദാല്‍,
ആനന്ദത്താ-ലാര്‍പ്പു വിളിപ്പിന്‍.
താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ
ആദിമുതല്‍ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ ആമ്മേന്‍.
ഹല്ലേലുയ്യാ പാടാമൊന്നായ്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.
(ഗാനസമയത്ത് കാർമ്മികൻ ധൂപം ആശീർവ്വദിക്കുന്നു. സുവിശേഷവായനയുടെ സമയത്ത് ശുശ്രൂഷി ധൂപാർച്ചന നടത്തുന്നു).
ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.
കാര്‍മ്മി: സമാധാനം + നിങ്ങളോടു കൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാര്‍മ്മി: വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി
(കാർമ്മികൻ സുവിശേഷം വായിക്കുന്നു. [മത്തായി 28: 1-6] രണ്ടു ശുശ്രൂഷികൾ കത്തിച്ച തിരികളുമായി കാർമ്മികൻറെ ഇരുവശവും നിൽക്കുന്നു. സഹായി മുമ്പിൽ നിന്ന് ധൂപാർച്ചന നടത്തുന്നു. വായന തീരുമ്പോൾ).
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.
ഉയിർപ്പു ഗീതം
കാര്‍മ്മി: മിശിഹാനാഥന്‍ മൃതരിൽനിന്നും ഉത്ഥിതനായി.
സമൂഹം: ഹല്ലേലൂയ, ഹല്ലേലൂയു, ഹല്ലേലൂയ.
(കാർമ്മികനും സമൂഹവും മൂന്ന് പ്രാവശ്യം)
(ഉയിർപ്പു രൂപത്തിൻറെ വിരി മാറ്റുന്നു. മണിയടിക്കുന്നു. എല്ലാവരും രൂപത്തെ വണങ്ങുന്നു.)
ഗീതം
ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
ഉയിര്‍ത്തെഴുന്നേറ്റു ...
കുരിശിലേറിയവന്‍, മൃതനായ്
കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു-
മുയിര്‍ത്തെഴുന്നേറ്റു.
ഉയിര്‍ത്തെഴുന്നേറ്റു ...
ഈ ദിനം ദൈവമേകിയ
ദിവ്യദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-
മേറ്റുപാടാം
ഉയിര്‍ത്തെഴുന്നേറ്റു ...
(കാർമ്മികൻ ധൂപിക്കുന്നു. എല്ലാവരും തിരികൾ കത്തിച്ച് പ്രദിക്ഷണം നടത്തുന്നു).
പ്രദിക്ഷണ ഗീതം
ദീപംകൊളുത്തി നാഥാ, തേടിവരുന്നു ഞങ്ങള്‍
നിന്‍ ദിവ്യസന്നിധാനം തേടിവരുന്നു ഞങ്ങള്‍
ദീപം ...
ഭൂവിന്‍ പ്രഭക്കളെല്ലാം നിന്നെ വണങ്ങിടുന്നു
പാരിന്‍ പ്രതാപമെല്ലാം നിന്‍ മുമ്പില്‍ മങ്ങിടുന്നു
ദീപം ...
മരണം തളര്‍ന്നു താണു; നരകം തകര്‍ന്നുവീണു
വിജയം പതഞ്ഞുയര്‍ന്നു; വിയദാലയം തെളിഞ്ഞു
ദീപം ...
ഇരുളില്‍ക്കഴിഞ്ഞിരുന്ന ജനതയ്ക്കു ലോകനാഥാ,
പരമ പ്രകാശമായ് നീ ധരമേലിറങ്ങിവന്നു.
മറ്റൊരു ഗാനം
മിശിഹാനാഥാ, നിന്‍ വദനം
ഞങ്ങളില്‍നിന്നു തിരിക്കരുതേ
ആരാധകര്‍ നിന്‍ പുതുജീവന്‍
പുൽകി നിതാന്തം നീങ്ങിടുവാന്‍.
പ്രാര്‍ത്ഥന കേള്‍ക്കുക മിശിഹായേ,
ആശ്രയമങ്ങാണനവരതം
കൃപയാല്‍ ഹൃത്തിന്‍ മുറിവുകളില്‍
കനിവിൻ ഔഷധമരുളണമേ.
അങ്ങയെ ഞങ്ങള്‍ വിളിക്കുന്നു
അലിവൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ
രക്ഷണമേകീ ദാസരില്‍ നീ
പാപപ്പൊറുതിയണയ്ക്കണമേ.
അനുതാപികളെക്കൈക്കൊള്ളൂം
കരുണാനിധിയാം മിശിഹായേ,
തിരുവിഷ്ടം നിറവേറ്റീടാന്‍
ഓരോ ദിനവും കാക്കണമേ.
സഭകള്‍ക്കുരുളുക മഹിമസദാ
ആരാധകരെകാക്കണമേ
പരിപാലിക്കണമജനിരയെ
നിന്‍ കൃപ ഞങ്ങള്‍ക്കരുളണമേ.
തിരുമുഖമങ്ങു തിരിക്കരുതേ
തിരുസന്നിധിയില്‍ കാക്കണമേ
സ്തുതിയും നന്ദിയുമര്‍പ്പിപ്പു
തിരുനാമത്തിനു സാമോദം.
രക്ഷകനേശുവിനംബികയേ,
രാവും പകലും ഞങ്ങള്‍ക്കായ്
നാഥന്‍ ശാന്തി പകര്‍ന്നിടുവാന്‍
പ്രാര്‍ത്ഥന നിത്യമണയ്ക്കുണമേ.
സകല വിശുദ്ധരുമങ്ങേ വിണ്‍-
മഹിമയണിഞ്ഞു വിരാജിപ്പു
അവരുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കായ്
രക്ഷണ മേകണമനവരതം.
കരുണയുണര്‍ത്താനീയുലകില്‍
കുരിശിനെ നൽകിയ മിശിഹായേ,
ദുഷ്ടപിശാചിന്‍ ശക്തികള്‍ നീ
കുരിശിന്‍ ചിറകാല്‍ നീക്കണമേ.
സകലജനത്തിനുമാശ്രയമാം
നാഥാ, തലമുറ കാക്കുന്നു
ഉത്ഥാനത്തിന്‍ ദിനമന്നാ
പാഥേയം നീ തീര്‍ക്കുന്നു.
(ഉയിർപ്പ് രൂപം പീഠത്തിൽ പ്രതിഷ്ഠിക്കുന്നു).
സമാധാന ശുശ്രൂഷ
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞങ്ങളുടെ ബലഹീനമായ പ്രകൃതിയുടെ നവീകരണത്തിനുവേണ്ടി അങ്ങയുടെ തിരുക്കുമാരനിലൂടെ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാ പദ്ധതിയെപ്രതി അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അവര്‍ണ്ണനീയമായ ഈ ദാനത്തിന് ഞങ്ങള്‍ അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
(തുടർന്ന് സങ്കീർത്തനം 97 ചൊല്ലുന്നു).
കര്‍ത്താവു ഭരണം നടത്തുന്നു;
ഭൂമിയെല്ലാം ആനന്ദിക്കട്ടെ;
ദ്വീപസമൂഹങ്ങള്‍ സന്തോഷിക്കട്ടെ.
ഹല്ലേലുയ്യ, ഹല്ലേലുയ്യ, ഹല്ലേലുയ്യ.
ആദത്തിന്റെ മഹത്ത്വീകൃതമായ വംശമേ, ഉത്ഥാനം ചെയ്യുകയും, തന്റെ ഉത്ഥാനത്താല്‍ എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്ത ഈശോയില്‍ ആനന്ദിക്കുവിന്‍.
മേഘവും അന്ധകാരവും അവിടുത്തെ ചുറ്റുമുണ്ട്, നീതിന്യായങ്ങളില്‍ അവന്‍ തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
തിരുമുമ്പില്‍ അഗ്നി ജ്വലിപ്പിക്കുന്നു; ഭൂമി അതുകണ്ട് വിറകൊള്ളുന്നു.
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുമ്പില്‍ മലകള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം ദൈവനീതിയെ പ്രഘോഷിക്കുന്ന. ജനപദങ്ങള്‍ ദിവ്യമഹത്വം ദര്‍ശിക്കുന്നു.
ബിംബാരാധകര്‍ ലജ്ജിക്കട്ടെ! വിഗ്രഹ സേവകര്‍ നാണിക്കട്ടെ!
ദൈവദൂതന്മാര്‍ പ്രണമിക്കട്ടെ!
സെഹിയോന്‍ ഇതെല്ലാം ശ്രവിക്കട്ടെ!
അവള്‍ ആനന്ദഭരിതയാകട്ടെ!
യൂദായുടെ പുത്രിമാര്‍ സന്തോഷിക്കട്ടെ!
എന്തെന്നാല്‍ നിന്റെ ന്യായവിധി മഹനീയമാകുന്നു;
ഭൂമിയില്‍ നീ ഉന്നതനാകുന്നു;
സര്‍വ്വ ദേവന്മാരേക്കാള്‍ ഉത്കൃഷ്ടനാകുന്നു.
ദൈവത്തെ സ്നേഹിക്കുന്നവര്‍ തിന്മയെ ദ്വേഷിക്കുന്നു;
ഭക്തരുടെ ജീവനെ ദൈവം പാലിക്കുന്നു.
ദുഷ്ടന്മാരില്‍ നിന്ന് അവരെ രക്ഷിക്കുന്നു.
നീതിമാന്മാര്‍ക്ക് ഒരു പ്രകാശമുദിച്ചു;
പരമാര്‍ത്ഥഹൃദയര്‍ക്ക് ആഹ്ലാദമുണ്ടായി.
നീതിമാന്മാര്‍ കര്‍ത്താവിലാനന്ദിക്കട്ടെ!
അവന്റെ വിശുദ്ധ സ്മരണയെ പുകഴ്ത്തട്ടെ.
കര്‍ത്താവു ഭരണം നടത്തുന്നു; ഭൂമിയെല്ലാം ആനന്ദിക്കട്ടെ;
ദ്വീപ സമൂഹങ്ങള്‍ സന്തോഷിക്കട്ടെ.
ഹല്ലേലുയ്യ, ഹല്ലേലുയ്യ, ഹല്ലേലുയ്യ.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തൂതി.
ആദിമുതല്‍ എന്നേയ്ക്കും. ആമ്മേന്‍.
ആദത്തിന്റെ മഹത്ത്വീകൃതമായ വംശമേ,
ഉത്ഥാനം ചെയ്യുകയും, തന്റെ ഉത്ഥാനത്താല്‍
എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്ത
ഈശോയില്‍ ആനന്ദിക്കുവിന്‍.
സ്തുതിഗീതം
സര്‍വ്വേശപുത്രനുയിര്‍ത്തു
സമ്മോദമെങ്ങും തളിര്‍ത്തു;
സ്വര്‍ല്ലോകവാതില്‍ തുറന്നു:
ദിവ്യപ്രകാശം പരന്നു.
മര്‍ത്യനെത്തേടിയണഞ്ഞു
മര്‍ത്യനു ശാന്തി പകര്‍ന്നു
വാഴ്ത്തുന്നു നിന്‍ ദിവ്യനാമം
നല്കേണമേ സ്വര്‍ഗദാനം.
സമാധാനാശംസ
കാര്‍മ്മി: മിശിഹായുടെ സമാധാനം നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടുംകൂടെ.
(എല്ലാവരും പരസ്പരം സമാധാനം ആശംസിക്കുന്നു).
ആശീര്‍വ്വാദങ്ങള്‍
കാര്‍മ്മി: കര്‍ത്താവേ, നിന്റെ വിശുദ്ധ ജനത്തെ ആശീർവ്വദിക്കുകയും നിന്റെ സമാധാനം അവരില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമേ.
ശുശ്രൂഷി: കര്‍ത്താവേ, ആശീർവ്വദിക്കണമേ.
കാര്‍മ്മി: കര്‍ത്താവേ, നിന്റെ പരിശുദ്ധ സഭയെ ആശീർവ്വദിക്കുകയും അതില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുണമേ. സാർവത്രികസഭയുടെ തലവനായ മാര്‍ (പേര്) പാപ്പായെയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍ (പേര്) ശ്രേഷ്ടമെത്രാപ്പോലീത്തയെയും ഞങ്ങളുടെ മേലദ്ധ്യക്ഷനും പിതാവുമായ മാര്‍ (പേര്) മെത്രാനെയും സംരക്ഷിക്കുകയും അവര്‍ക്ക് ഏല്ലിക്കപ്പെട്ട സഭകളെ സമാധാനത്തില്‍ നയിക്കുവാന്‍ ശക്തരാക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്മാരെയും മ്ശംശാനന്മാരെയും മറ്റു ശുശ്രൂഷികളെയും സന്യസ്തരെയും പ്രേഷിതരംഗങ്ങളില്‍ സേവനം ചെയ്യുന്ന മിഷനറിമാരെയും ആശീർവ്വദിക്കുകയും അവരെ സമാധാനത്തില്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, വയോധികര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, കുട്ടികള്‍ മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെയും ഞങ്ങളില്‍ നിന്ന് അകന്നിരിക്കുന്നവരെയും ആശീർവ്വദിക്കുകയും സമാധാനത്തില്‍ ഒന്നിപ്പിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, ഞങ്ങളുടെ രാഷ്ട്രത്തിന്റെ ഭരണാധികാരികളെയും, സാമൂഹികപ്രവര്‍ത്തകര്‍, ആതുരശുശ്രൂഷകര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരെയും ആശീർവ്വദിക്കുകയും അവരെ സമാധാനത്തില്‍ നയിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, എല്ലാ വിദൂരസ്ഥരെയും ദരിദ്രര്‍, സമ്പന്നര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരെയും ആശീർവ്വദിക്കുകയും സമാധാനത്തില്‍ അവരെ സംരക്ഷിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, രോഗികളെയും പീഡിതരെയും മര്‍ദ്ദിതരെയും ക്ലേശിതരെയും ദുഃഖിതരെയും ശാരീരികവും മാനസികവുമായി വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ആശീർവ്വദിക്കുകയും അവരെ സമാധാനത്തില്‍ ആശ്വസിപ്പിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: കര്‍ത്താവേ, ഈ പ്രപഞ്ചത്തെയും അതിലെ ജീവജാലങ്ങളെയും സസ്യലതാദികളെയും ആശീർവ്വദിക്കുകയും അവയെ സമാധാനത്തില്‍ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
സമൂഹം: ആമ്മേന്‍.
(സന്ദർഭോചിതമായി മറ്റു പ്രാർത്ഥനകൾ കൂടി ചേർക്കാവുന്നതാണ്).
കാര്‍മ്മി: കര്‍ത്താവേ, നിന്റെ തിരുനാളുകള്‍ സമാധാനത്തില്‍ ആഘോഷിക്കുന്നതിനായി എല്ലാ ക്രിസ്തീയ സമൂഹങ്ങളെയും ആശീർവ്വദിക്കണമേ.
സമൂഹം: ആമ്മേന്‍.
പൊതു ആശീര്‍വാദം
കാര്‍മ്മി: സമാധാനദാതാവായ മിശിഹായേ, രഹസ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉപമകളും പൂര്‍ണ്ണമായും വ്യക്തമാക്കപ്പെടുന്ന യുഗാന്തത്തിലെ ആ പൊതു ഉയിര്‍പ്പദിനത്തില്‍ ആഹ്ലാദിക്കുന്നതിന് ഞങ്ങളെ യോഗ്യരാക്കണമേ. അവിടെ നിന്റെ അവകാശത്തില്‍ പങ്കചേരുന്നതിനും നീ വഴിയായി പിതാവിനും പരിശുദ്ധാത്മാവിനും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നതിനും ഞങ്ങള്‍ക്ക് ഇടയാകട്ടെ. ഞങ്ങളുടെ ഈ സമൂഹത്തിലും ഇന്ന് നിന്റെ നാമത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന എല്ലാ സമൂഹങ്ങളിലും ലോകം മുഴുവനിലും നിന്റെ അനുഗ്രഹവും സമാധാനവും നിറയട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
പ്രസംഗം
പ്രഘോഷണസപ്രാര്‍ത്ഥനകള്‍ (കാറോസൂസ)
ശുശ്രൂഷി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടി കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ എന്നപേക്ഷിക്കാം.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: സ്വര്‍ഗവാസികളുടെയും ഭൂവാസികളുടെയും സമാധാനമായ മിശിഹായേ, നിന്റെ ഉത്ഥാനത്തിന്റെ സമാധാനം ആഘോഷിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു, എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നൽകുന്നു എന്നരുളിച്ചെയ്തു മിശിഹായേ, നിന്റെ ഉയിര്‍പ്പിന്റെ സമാധാനത്തില്‍ ഞങ്ങളെയും പങ്കുകാരാക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: കല്ലറയില്‍നിന്നുയിര്‍ക്കുകയും ലോകത്തെയും തന്റെ സഭയെയും ശാശ്വതമായ സമാധാനത്തില്‍ നിറയ്ക്കുകയും ചെയ്തു മിശിഹായേ, നിന്റെ ഉത്ഥാനത്തിന്റെ സന്തോഷം പങ്കവയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: നിന്റെ സമാധാനത്താല്‍ ഞങ്ങളെ സമ്പന്നരാക്കുന്ന മിശിഹായേ, ഞങ്ങളുടെ അനുദിന ജീവിതത്തിലെ വേദനകളിലും പ്രതിസന്ധികളിലും നീ നൽകിയ സമാധാനം അനുഭവിച്ചറിഞ്ഞ് ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: ഞങ്ങളുടെ പരിശുദ്ധ പിതാക്കന്മാരായ മാര്‍പാപ്പ, ശ്രേഷ്ഠമെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍ എന്നിവരുടെയും അവരുടെ എല്ലാ സഹശുശ്രൂഷികളുടെയും സമാധാനത്തിനും സുസ്ഥിതിക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
ശുശ്രൂഷി: നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പൂത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.
സമൂഹം: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ മിശിഹായേ, നിന്റെ കൃപയാല്‍ ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ. ഞങ്ങളുടെയിടയിൽ നിന്റെ ശാന്തിയും സമാധാനവും വർദ്ധിപ്പിക്കണമേ. നിന്റെ ഉയിര്‍പ്പിന്റെ രഹസ്യങ്ങളുടെ പൂര്‍ണ്ണതയിലേക്ക് ഞങ്ങളെ അടുപ്പിക്കുകയും ഞങ്ങളുടെമേല്‍ കരുണയായിരിക്കുകയും ചെയ്യണമേ. നിന്റെ സമാധാനത്തിലും ശാന്തിയിലും ഞങ്ങളുടെ ഹൃദയം ആനന്ദിക്കുന്നതിനും ഞങ്ങള്‍ പരസ്പരം ഐക്യത്തില്‍ ജീവിക്കുന്നതിനും ഞങ്ങളൂടെ ജീവിതം നിന്റെ കൃപയാല്‍ നിറയുന്നതിനും ഞങ്ങളെ അര്‍ഹരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
കൈവയ്പ്പു പ്രാര്‍ത്ഥന
ശുശ്രൂഷി: കര്‍ത്താവേ ആശീര്‍വ്വദിക്കേണമേ / സഹോദരരേ നിങ്ങള്‍ കൈവെപ്പിനായി തല കുനിക്കുകയും / ആശീർവ്വാദം സ്വീകരിക്കുകയും ചെയ്യുവിന്‍.
(എല്ലാവരും തലകുനിച്ച് ആശീർവ്വാദം സ്വീകരിക്കുന്നു.)
കാര്‍മ്മി: കര്‍ത്താവേ ശക്തനായ ദൈവമേ / അങ്ങയുടെ അഭിഷിക്തന്‍ കഠിനമായ പീഡകളനുഭവിച്ചു വീണ്ടെടുത്ത / അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അങ്ങയുടേതാകുന്നു. ദൈവസ്വഭാവത്തില്‍ അങ്ങുമായി ഒന്നായിരിക്കുന്ന / പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ / യഥാര്‍ത്ഥ പൗരോഹിത്യത്തിൻറെ പദവികള്‍ കൈവെപ്പുവഴി നൽകപ്പെടുന്നു. വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് / പരിശുദ്ധമായ സഭാശരീരത്തിലെ സവിശേഷാംഗങ്ങളാകുവാന്‍ / നിസ്സാരരും ബലഹീനരുമായ ഞങ്ങളെ / അങ്ങു കാരുണ്യാതിരേകത്താല്‍ യോഗ്യരാക്കി. കര്‍ത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളില്‍ നിറക്കുകയും / അങ്ങയുടെ ദാനങ്ങള്‍ ഞങ്ങളുടെ കരങ്ങള്‍ വഴി വര്‍ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും / ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയും മേല്‍ ഉണ്ടാകുമാറാകട്ടെ.
കാര്‍മ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേര്‍ന്ന് / അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവര്‍ത്തികളാല്‍ / ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും / നിരന്തരം സമര്‍പ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
സമൂഹം: ആമ്മേന്‍.
ശുശ്രൂഷി: മാമ്മോദീസാ സ്വീകരിക്കുകയും ജീവന്റെ അടയാളത്താല്‍ മുദ്രിതരാകുകയും ചെയ്തവര്‍ / ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധ രഹസ്യങ്ങളില്‍ പങ്കുകൊള്ളട്ടെ. നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
ദിവ്യരഹസ്യ ഗീതം
(രീതി: മിശിഹാ കർത്താവിന് തിരുമെയ് ...)
എൻറെ രാജാവായ കർത്താവേ, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു
അമൃതം പകരും പോല്‍
ഉത്ഥാനത്താലേ
നവജീവന്‍ നല്കീ
നാഥാ, സഭയെ നയിപ്പു നീ
പാലിക്കുന്നു വിപത്തുകളില്‍
കനക വിഭൂഷിതവധുവേപ്പോല്‍
കാണ്മൂ സഭയെ നാമെന്നും;
വാഴ്ത്തുന്നു സഭയില്‍ നിറമോദം.
പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു
അമൃതം പകരും പോല്‍ ...
(തുടർന്നുള്ള ഭാഗങ്ങൾ കുർബാന പുസ്തകത്തിൽ നിന്ന്)
ദിവ്യകാരുണൃഗീതവും അനുഗീതവും
(രീതി: ഹല്ലേലൂയാ പാടിടുന്നേൻ ...)
വരുവിന്‍ വരുവിന്‍ ജനതകളെല്ലാം
നിരുപമ നാഥനെ വാഴ്ത്തി നമിക്കാന്‍
മരണത്തില്‍ നിന്നുത്ഥാനത്തിന്‍
മഹിത വെളിച്ചം നിറയുന്നുലകില്‍
നിത്യപിതാവിന്നരികില്‍ വാഴ്‌വു
സത്യമഹോന്നത ദൈവകുമാരന്‍
കൈക്കൊള്ളാം നാം ദിവ്യരഹസ്യം
കൈവരുമപ്പോള്‍ ജീവിതഭാഗ്യം.
കാര്‍മ്മി: നമ്മെ ജീവിപ്പിക്കുന്ന കര്‍ത്താവീശോമിശിഹായുടെ കൃപാവരം / അവിടുത്തെ കാരുണ്യത്താല്‍ നാമെല്ലാവരിലും + സമ്പൂര്‍ണ്ണമാകട്ടെ (ജനങ്ങളെ ആശീർവ്വദിക്കുന്നു).
സമൂഹം: എപ്പോഴും എന്നേക്കും ആമ്മേന്‍.
ഉത്ഥാനത്തിന്‍ സുദിനം സാത്താന്‍
തോല്‍വിയടഞ്ഞു, മരണവുമതുപോല്‍.
ദിവ്യരഹസ്യം നല്കീ നരര്‍ക്കായ്
പോഷണമേകീയുത്ഥിത നാഥന്‍.
തിരുനാമത്തിനു സ്തുതികള്‍ പാടാന്‍
ധരണിയിലര്‍ഹത നല്കേണമെന്നും.
അക്ഷയ ജീവന്‍ പകരുകയല്ലോ
അവനിയിലെന്നും ദിവ്യരഹസ്യം.
(വിശുദ്ധ കുർബാന സ്വീകരണം)
കാര്‍മ്മി: മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ / ഞങ്ങള്‍ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്തു തിരുരക്തവും / ഞങ്ങള്‍ക്കു ശിക്ഷാ വിധിക്കു കാരണമാകാതെ / കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും / നിന്റെ സന്നിധിയില്‍ സന്തുഷ്ടിക്കും നിദാനമാകട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും .
സമൂഹം: ആമ്മേന്‍.
സമൂഹം: ഞങ്ങളുടെ കര്‍ത്താവേ, കടങ്ങളുടെ പൊറുതിക്കായി / വിശുദ്ധ കുര്‍ബാന സ്വീകരിച്ച / ഞങ്ങളുടെ കൈകളെ ശക്തമാക്കണമെ. ദൈവമായ നിനക്ക് / എല്ലാ ദിവസവും സദ്ഫലങ്ങള്‍ സമര്‍പ്പിക്കുവാന്‍ / അവയെ യോഗ്യമാക്കണമെ. വിശുദ്ധ സ്ഥലത്തു കീര്‍ത്തനം പാടിയ ഞങ്ങളൂടെ അധരങ്ങളെ / സ്വര്‍ഗ്ഗത്തില്‍ നിന്നെ സ്തുതിക്കുവാന്‍ അര്‍ഹമാക്കണമെ. നിന്റെ സ്തുതികള്‍കേട്ട കാതുകള്‍ / ശിക്ഷാവിധിയുടെ സ്വരം കേള്‍ക്കാതിരിക്കട്ടെ. നിന്റെ അളവറ്റ കാരുണ്യം കണ്ട കണ്ണുകള്‍ക്ക് / നിന്റെ അനുഗ്രഹദായകമായ / പ്രത്യാഗമനം കാണുവാന്‍ ഇടവരട്ടെ. നിന്നെ പരിശുദ്ധന്‍ എന്നു പാടിപ്പുകഴ്ത്തിയ നാവുകളെ / സത്യം പറയുവാന്‍ സന്നദ്ധമാക്കണമെ. ദൈവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ക്ക് / പ്രകാശത്തിന്റെ സ്ഥലത്തു സഞ്ചരിക്കുവാന്‍ ഇടയാകട്ടെ. നിന്റെ സജീവമായ ശരീരം ഉള്‍ക്കൊണ്ട ഞങ്ങളുടെ ശരീരങ്ങള്‍ക്ക് / നവജീവന്‍ പ്രദാനം ചെയ്യണമേ. നിന്നെ ആരാധിച്ച ഞങ്ങളുടെ സമൂഹത്തെ / അനുഗ്രഹങ്ങള്‍കൊണ്ടു സമ്പന്നമാക്കണമെ. നിന്റെ അനന്തമായ സ്നേഹം / ഞങ്ങളില്‍ എന്നും നിലനില്ക്കട്ടെ. നിനക്കു സ്തൂതികള്‍ സമര്‍പ്പിക്കുവാന്‍ ആ സ്നേഹത്തില്‍ ഞങ്ങള്‍ വളരുകയും ചെയ്യട്ടെ. ഞങ്ങളുടെയേവരുടേയും യാചനകള്‍ക്ക് / നീ വാതില്‍ തുറക്കണമെ. ഞങ്ങളുടെ ഈ ശുശ്രൂഷ / നിന്റെ സന്നിധിയില്‍ സ്വീകാര്യമാവുകയും ചെയ്യട്ടെ.
ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ / സ്തുത്യർഹവും പരിശുദ്ധവും / ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് / ഇവയില്‍ പങ്കുകൊള്ളുവാന്‍ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവര്‍ക്കും / ഇവയുടെ ദാതാവായ ദൈവത്തിന് / സ്തുതിയും കൃതജ്ഞതയും സമര്‍പ്പിക്കാം.
സമൂഹം: അവര്‍ണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് / കര്‍ത്താവേ അങ്ങേയ്ക്കു സ്തുതി.
ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍
കാര്‍മ്മി: കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ സ്വീകരിച്ച ഈ ദിവ്യരഹസ്യങ്ങള്‍ ഞങ്ങളുടെ ഉത്ഥാനത്തിന് അച്ചാരമായി ഭവിക്കട്ടെ. മനുഷ്യവംശത്തിന് അങ്ങു നൽകിയ മഹത്ത്വത്തെ ഓര്‍ത്ത് സ്വര്‍ഗ്ഗരാജ്യത്തില്‍ സകല നീതിമാന്മാരോടുംകൂടി അങ്ങയെ സ്തുതിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.
സമൂഹം: ആമ്മേന്‍. കര്‍ത്താവേ, ആശീർവ്വദിക്കണമേ.
കാര്‍മ്മി: മനുഷ്യവംശത്തിന്റെ പ്രതീക്ഷയായ മിശിഹായേ, ഈ കുര്‍ബാനവഴി ഉത്ഥാനത്തിന്റെ രഹസ്യത്തില്‍ നീ ഞങ്ങളെ പങ്കുകാരാക്കി. തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ട സഭയില്‍ ഞങ്ങള്‍ നിന്റെ അനന്തകാരുണ്യത്തിന് എന്നും നന്ദി പ്രകാശിപ്പിക്കുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ആരാധ്യമായ ദാനം വാഴ്ത്തപ്പെട്ടതാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.
സമൂഹം: ആമ്മേന്‍.
സമാപനാശീര്‍വാദം
(രീതി: കർത്താവാം മിശിഹാവഴിയായ് ...)
കാര്‍മ്മി: പാപവിമോചനമേകിടുവാന്‍
പാരിനു ശാന്തി പകര്‍ന്നിടുവാന്‍
ക്രൂശിതനായൊരു നാഥാ, നിന്‍
ഉത്ഥാനം പരമാനന്ദം.
ഉത്ഥിതനാഥാ, മാനവരില്‍
താവകശാന്തി വസിക്കട്ടെ
സ്വാതന്ത്ര്യത്തിന്‍ വീഥികളില്‍
സതതം നേരെ നയിക്കട്ടെ.
സമൂഹം: ആമ്മേന്‍.
കാര്‍മ്മി: വാഗ്ദാനം പോല്‍ അനവരതം
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
ഉത്ഥിതനീശോമിശിഹായെ
ഉദ്ഘോഷിക്കുവിനെന്നാളും.
ജീവന്‍ പകരും നിര്‍മ്മലമാം
പാവനദിവ്യരഹസ്യങ്ങള്‍
നിത്യമഹത്ത്വം നല്ലട്ടെ +
ഇപ്പൊഴുമെപ്പൊഴുമെന്നേക്കും
സമൂഹം: ആമ്മേന്‍.
(അല്ലെങ്കിൽ)
കാര്‍മ്മി: ഉത്ഥാനത്തിന്റെ മഹത്ത്വത്താല്‍ പ്രപഞ്ചം മുഴുവനും ആനന്ദിപ്പിച്ച മിശിഹാ സഭയില്‍ എന്നും വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുന്ന് സാത്താനെയും മരണത്തെയും പരാജയപ്പെടുത്തുകയും പാപകടങ്ങളില്‍ നിന്ന് നമ്മെ മോചിക്കുകയും ചെയ്തു. ഉത്ഥിതനായ മിശിഹായുടെ സമാധാനം നമ്മില്‍ എന്നും വസിക്കട്ടെ. ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് അവിടുന്ന് നമ്മെ നയിക്കട്ടെ. തന്നില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കുമെന്ന വാഗ്ദാനം അനുസരിച്ച് വിശ്വാസത്തിൽ വളരാനും ഉത്ഥാന രഹസ്യം എല്ലാവരോടും പ്രഘോഷിക്കുവാനും അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. ലോകം മുഴുവന്‍ മിശിഹായുടെ ഉത്ഥാനത്താല്‍ നവജീവന്‍ പ്രാപിക്കട്ടെ. ദൈവത്തിന്റെ ജനമേ, ജീവദായകമായ ദിവ്യരഹസ്യങ്ങളാല്‍ സന്തുഷടരാക്കപ്പെട്ട നിങ്ങളെ അവിടുന്ന് മഹത്ത്വത്തിലേക്കു പ്രവേശിപ്പിക്കുകയും ചെയ്യട്ടെ. ഇപ്പോഴും എപ്പോഴും + എന്നേക്കും.
സമൂഹം: ആമ്മേന്‍.