Family Prayers
പ്രാരംഭഗാനം
(ഏതെങ്കിലും ഒന്ന്)
1
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യസഹായകനേ ..... (തന്നാലും)
അകതാരിലുണർവിന്റെ പനിനീരു തൂകി
അവിരാമമൊഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ്
അനസ്യൂതമൊഴുകി വരൂ ..... (തന്നാലും)
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന
സ്നേഹമായ് ഒഴുകി വരൂ ..... (തന്നാലും)
2
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തിയെന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗളിക്കും പ്രകാശമേ - സ്വർഗ
അന്ധകാരവിരിപ്പുമാറ്റീടും
ചന്തമേറുന്ന ദീപമേ
കേഴുമാത്മാവിലാശ വീശുന്ന
മോഹന ദിവ്യഗാനമേ ..... (പരിശുദ്ധാ...)
വിണ്ടുണങ്ങി വരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ വിണ്ടുണ
മന്ദമായ് വന്നു വീശിയാനന്ദം
തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികളാഞ്ഞു പുൽകിയ
പുണ്യജീവിത പാത നീ ..... (പരിശുദ്ധാ...)
3
ശ്ലീഹന്മാരിലിറങ്ങി വസിച്ചൊരു
പരിശുദ്ധാത്മാവേ
നിൻപ്രിയ സുതരെ ദിവ്യവരത്താൽ
പൂരിതരാക്കണമേ (2) ..... (ശ്ലീഹ…)
സ്നേഹം നട്ടുവളർത്തിയ പാവന
ശാന്തി പരത്തിടുവാൻ (2)
തളർന്നു താഴും കരളിൻ പുത്തൻ
ജീവനുണർത്തിടുവാൻ (2) ..... (ശ്ലീഹ…)
ഇരുണ്ടുപുകയും മാനസവേദിയിൽ
ആശകൊളുത്തിടുവാൻ (2)
കരഞ്ഞു മങ്ങിയ കണ്ണിൽ കാഞ്ചന
കാന്തി വിരിച്ചിടുവാൻ (2) ..... (ശ്ലീഹ…)
പ്രാർത്ഥനസഹായി
ലീഡ.: നമുക്ക് പരസ്പരം സമാധാനം ആശംസിച്ചുകൊണ്ട് ഈ പ്രാർത്ഥനാശുശ്രൂഷ ആരംഭിക്കാം.
(എല്ലാവരും പരസ്പരം സമാധാനം ആശംസിക്കുന്നു)
ലീ : അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി (3)
സമൂഹം : ആമ്മേൻ
ലീ : ഭൂമിയിൽ മനുഷ്യർക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും.
സമൂ : ആമ്മേൻ
ലീ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ/ (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ,/ അങ്ങയുടെ രാജ്യം വരണമെ/അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോ ലെ ഭൂമിയിലുമാകണമെ./ ഞങ്ങൾക്കാവശ്യമായ ആഹാരം / ഇന്നു ഞങ്ങൾക്കു തരണമേ/ ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നന്നതുപോലെ/ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമെ./ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ,/ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമെ,/എന്തുകൊന്നൊൽ/ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / അങ്ങയുടെ മഹത്വത്താൽ / സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖാമാരും / മനുഷ്യരും / അങ്ങ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.
ലീ : നമുക്ക് പ്രാർത്ഥിക്കാം. (സമൂഹവും ചേർന്ന് ) രണ്ടോ മൂന്നോ പേർ / എന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ / അവരുടെ മദ്ധ്യേ ഞാനുണ്ടായിരിക്കുമെന്ന്/ അരുളിച്ചെയ്ത ഈശോയെ , അങ്ങേ മക്കളായ ഞങ്ങൾ/ പ്രാർത്ഥിക്കുവാനായി / ഈ ഭവനത്തിൽ ഒരുമിച്ചു കൂടിയിരിക്കുന്നു. ഈ ഭവനത്തെയും / ഈ കൂട്ടായ്മയെയും/ ഞങ്ങളെയെല്ലാവരെയും/ അങ്ങേ തിരുഹൃദയത്തിൽ ഞങ്ങൾ പ്രതിഷ്ഠിക്കുന്നു. ഈ പ്രാർത്ഥനാ ശുശ്രൂഷയിൽ ദൈവചിന്തയോടും ഭക്തിയോടും കൂടെ പങ്കെടുക്കുവാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും /ഞങ്ങളെ അനുഗ്രഹിക്കണമെ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും. ആമ്മേൻ.
സങ്കീർത്തനം 145
ലീ : കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും, നിന്റെ‚ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും.
(സമൂഹം രണ്ടുഗണമായി ചൊല്ലുന്നു)
പരിശുദ്ധമായ ചിന്തകളോടെ നിന്റെ മുമ്പാകെ നിൽക്കുവാൻ കർത്താവേ ഞങ്ങളെ സഹായിക്കണമെ.
കർത്താവേ നിന്റെ കൂടാരത്തിൽ ആരു വസിക്കും?
നിന്റെ വിശുദ്ധഗിരിയിൽ ആരു വിശ്രമിക്കും?
കറ കൂടാതെ ജീവിക്കുന്നവനും/ നീതി പ്രവർത്തിക്കുന്നവനും ഹൃദയത്തിൽ സത്യമുള്ളവനും/ നാവുകൊണ്ട് വഞ്ചിക്കാത്തവനും
സഹോദരനോടു തിൻമ ചെയ്യാത്തവനും
അയൽക്കാരനെതിരായ പ്രേരണയ്ക്കു വഴങ്ങാത്തവനും
ദുഷ്ടനോടു കൂട്ടു ചേരാത്തവനും
ദൈവ ഭക്തനെ മാനിക്കുന്നവനും
സത്യപ്രതിജ്ഞ ലംഘിസാത്തവനും
അന്യായപ്പലിശ വാങ്ങാത്തവനും
നിർദോഷിക്കെതിരായി കൈക്കൂലി വാങ്ങാത്തവനും
ഇങ്ങനെ ജീവിക്കുന്നവൻ നീതിമാനാകുന്നു
അവൻ ഒരിക്കലും ഇളകുകയില്ല
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,
ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.
ലീ: ഞങ്ങളുടെ കർത്താവായ ദൈവമേ അങ്ങു ഞങ്ങൾക്കു നൽകിയിളളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കുവാൻ ഞങ്ങൾക്കു കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി സകല സൗഭാഗ്യങ്ങളും നൻമകളും നിറഞ്ഞ് മുടി ചൂടി നിൽക്കുന്ന സഭയിൽ ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സ്രഷ്ടാവുമാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ
സമൂ: സകലത്തിന്റെയും നാഥാ/ നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ഈശോ മിശിഹായേ/ നിന്നെ ഞങ്ങൾ പുകഴ്ത്തുന്നു എന്തുകൊണ്ടെന്നാൽ / നീ ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും / ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
ലീ: കർത്താവേ അങ്ങേക്കു നന്ദി പറയുന്നതുത്തമമാകുന്നു അത്യുന്നതാ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.
സകലത്തിന്റെയും നാഥാ. . .
സമൂ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദിമുതൽ എന്നേയ്ക്കും, ആമ്മേൻ
സകലത്തിന്റെയും നാഥാ. . .
ലീ: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്കു സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ
ലീ: സഹോദരരേ നിങ്ങൾ സ്വരമുയർത്തി സജീവനായ ദൈവത്തെ പ്രകീർത്തിക്കുവിൻ!
സമൂ: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമത്യനേ, ഞങ്ങളുടെ മേൽ കൃപയുണ്ടാകേണമേ
ലീ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,
പരിശുദ്ധനായ ദൈവമേ. . .
സമൂ: ആദിമുതൽ എന്നേയ്ക്കും ആമ്മേൻ
പരിശുദ്ധനായ ദൈവമേ. . .
മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർത്ഥന
മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ‚ മനോഗുണ ത്താൽ മോക്ഷത്തിൽ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോ മിശിഹാ കർത്താവിന്റെ വില തീരാത്ത തിരുച്ചോരയെക്കുറിച്ച് കർത്താവേ മരിച്ചവരുടെ മേൽ കരുണയായിരിക്കണമേ.
സ്വർഗ്ഗ. . . നൻമ. . . ത്രി. . . (3 പ്രാവശ്യം)
അൻപത്തിമൂന്നു മണി ജപം
അനന്തനന്മസ്വരൂപിയായ സർവേശ്വരാ, അങ്ങേ മക്കളായ ഞങ്ങൾ ജപമാലയർപ്പണത്തിലൂടെ ക്രിസ്തുരഹസ്യങ്ങളെക്കുറിച്ഛ് ധ്യാനിക്കുവാനായി ആഗ്രഹിക്കുന്നു. പരിശുദ്ധ കന്യകാമറിയം മുഖേന ഞങ്ങൾക്ക് നല്കികൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹ ങ്ങൾക്കും അങ്ങേയ്ക്കു നന്ദി പറയുന്നു. ഈ ജപമാല ഭക്തിയോടും അന്യവിചാരം കൂടാതെയും അങ്ങേ തിരുമുമ്പിൽ കാഴ്ചയർപ്പിക്കുന്നതിനും അവയിൽ നിന്നും ഉദ്ദിഷ്ട ഫലം സിദ്ധിക്കുന്നതിനും പരിശുദ്ധ ദൈവമാതാവ് വഴി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുന്നു.
വിശ്വാസപ്രമാണം (The Apostles Creed)
സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്ന് പിറന്ന്, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട്, പാതാളങ്ങളിലിങ്ങി, മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയർത്ത്, സ്വർഗ്ഗത്തിലേയ്ക്കെഴുന്നളളി, സർവ്വശക്തിയുളള പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരിക്കു ന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാൻമാ രുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.
ആമ്മേൻ.
1 സ്വർഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവവിശ്വാസം എന്ന പുണ്യമുണ്ടായി ഫലം ചെയ്യുതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
1 നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണം എന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുളളവളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹം എന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
1 ത്രിത്വ.
(ഓരോ രഹസ്യവും കഴിഞ്ഞ് ചൊല്ലേണ്ട സുകൃതജപം)
ഓ! എന്റെ ഈശോ, എന്റെ പാപങ്ങൾ പൊറുക്കണമെ. നരകാഗ്നിയിൽ നിന്ന് എന്നെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ് ക്കാനയിക്കണമെ.
(O My Jesus forgive us our sins. Save us from the fires of hell. Lead us not into temptation but, deliver us from evil.)
സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ
(തിങ്കളാഴ്ച്ചയും, ശനിയാഴ്ച്ചയും)
1. നമ്മുടെ കർത്താവായ ഈശോമിശിഹായെ പ്രസവിക്കുമെന്ന സന്തോഷവാർത്ത ഗബ്രിയേൽ ദൂതൻ പരിശുദ്ധ കന്യാമറിയത്തെ അറിയിച്ചു എന്നു ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, പരിശുദ്ധ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടു എന്നറിഞ്ഞപ്പോഴും, "ഇതാ കർത്താവിന്റെ ദാസി" എന്നു പറഞ്ഞ് ദൈവേഷ്ടത്തിന് കീഴ്വഴങ്ങിയ പരിശുദ്ധ അമ്മേ, അങ്ങയെ പ്പോലെ ഞങ്ങളും ദൈവതിരുമനസ്സിന് വിധേയപ്പെട്ട് ജീവിക്കുവാനുള്ള കൃപാ വരം നൽകണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
2. പരിശുദ്ധ ദൈവമാതാവ് യൂദയാ മലഞ്ചെരുവുകളിലൂടെ നടന്ന് തന്റെ ഇളയമ്മയായ ഏലീശ്വായുടെ അടുത്തെത്തി അവൾക്ക് മൂന്നു മാസം ശുശ്രൂഷ ചെയ്തതിനെപ്പറ്റി ധ്യാനിക്കാം.
നമുക്ക് പ്രാർത്ഥിക്കാം, പരിശുദ്ധ അമ്മേ, അങ്ങയെപ്പോലെ കഷ്ടപ്പാടുകൾ സഹിച്ചും ഞങ്ങളുടെ സഹോദരങ്ങളെ ശുശ്രൂഷിക്കു വാനും, ഈശോയെ ഹൃദയത്തിൽ സംവഹിച്ച് മറ്റുള്ളവരെ സമാശ്വ സിപ്പിക്കുവാനുമുള്ള പ്രേഷിതതീക്ഷ്ണതയും ആത്മസമർപ്പണവും നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
3. പരിശുദ്ധ ദൈവമാതാവ് തന്റെ തിരുസുതന് ജന്മമേകുവാൻ കാലമായപ്പോൾ ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പ്രസവിച്ച് ലോകരക്ഷകനെ നമുക്കു നല്കിയതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, മനുഷ്യകുലത്തെ പാപത്തിൽ നിന്നും രക്ഷിക്കുവാനായി ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ച കുഞ്ഞുണ്ണീശോയേ, അങ്ങേയ്ക്കു പിറക്കുവാനായി എന്റെ ഹൃദയ ത്തെയും അങ്ങേയ്ക്കു വസിക്കുവാനായി എന്നെത്തന്നെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
4. പരിശുദ്ധദൈവമാതാവ് തന്റെ ദിവ്യസുതനെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചയായി സമർപ്പിച്ച് ശിമയോന്റെ കരങ്ങളിൽ ഏൽപ്പിച്ചതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, പരിശുദ്ധ അമ്മേ പ്രിയപുത്രനെ ദൈവ തൃക്കരങ്ങളിൽ പൂർണ്ണമായി ഭരമേല്പ്പിച്ചതുപോലെ, ഞങ്ങളെയും ഞങ്ങളുടെ കുടുംബാംഗങ്ങളെയും ദൈവസന്നിധിയിൽ ഭരമേൽപ്പി ക്കുന്നു. ഞങ്ങളെ എല്ലാവരെയും വിശുദ്ധിയിലും നന്മയിലും കാത്തുപരിപാലിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
5. നമ്മുടെ കർത്താവീശോമിശിഹാ ജറുസലേം ദൈവാലയത്തിലെ തിരുനാൾവേളയിൽ വേദപണ്ഡിതരുമായി തർക്കിച്ചിരുന്നതു മൂലം, അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം ദിവസം മാതാപിതാ ക്കൾ ദൈവാലയത്തിൽ വച്ച് തിരുസുതനെ കണ്ടെത്തിയതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, ഭൗതിക വ്യഗ്രതയാലും പാപഭാരത്താലും, ഈശോയിൽ നിന്നും അകന്നുപോകുമ്പോൾ അനുതാപത്തോടെ അങ്ങയുടെ പക്കലേക്ക് തിരിച്ചുവരുവാനും, ഞങ്ങളുടെ രക്ഷകനും നാഥനുമായി അങ്ങയെ സ്വീകരിക്കുവാനും ഞങ്ങളെ അനുഗ്ര അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(വ്യാഴാഴ്ച്ച)
1. നമ്മുടെ കർത്താവീശോ മിശിഹാ തനിക്ക് വഴിയൊരുക്കുവാൻ വന്ന സ്നാപകയോഹന്നാനിൽ നിന്നും യോർദ്ദാൻ നദി തീരത്തു വച്ച് മാമ്മോദീസ സ്വീകരിച്ചതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ മാമ്മോദീസ വേളയിൽ ഞങ്ങൾക്കു ലഭിച്ച പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്താതെ, ആത്മീയദാനങ്ങളിലും വരങ്ങളിലും വളർന്ന് അങ്ങയിൽ വീണ്ടും ജനിക്കുവാനും ദൈവമക്കളായി ജീവിക്കുവാനുമുള്ള കൃപാവരം തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
2. നമ്മുടെ കർത്താവീശോമിശിഹാ കാനായിലെ കല്യാണനാളിൽ മാതാവിന്റെ അഭ്യർത്ഥന പ്രകാരം വെള്ളത്തെ വീഞ്ഞാക്കി തന്റെ ദൈവപുത്രത്വം വെളിപ്പെടുത്തിയതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ ഞങ്ങളുടെ വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും, സഹോദരങ്ങളിലും, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവമില്ലാതെ ഹൃദയം ശൂന്യമാകുമ്പോൾ, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്താൽ ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും ദൈവസ്നേഹവും പരസ്നേഹവും നിറയ്ക്കണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
3. നമ്മുടെ കർത്താവീശോമിശിഹാ മാനസാന്തരത്തിനുള്ള സന്ദേ ശവും അറിയിച്ചുകൊണ്ട് ദൈവരാജ്യപ്രഘോഷണം നടത്തത്തി യതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ, അങ്ങ് പരസ്യജീവിതത്തിലൂടെ ദൈവരാജ്യം പ്രഘോഷിച്ചതുപോലെ ഞങ്ങളും പ്രേഷിത തീക്ഷ്ണതയാർന്ന ജീവിതത്തിലൂടെ മറ്റുള്ളവർക്ക് സുവിശേഷമാകുവാനുള്ള കൃപാവരം നൽകണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
4. നമ്മുടെ കർത്താവീശോമിശിഹാ തന്റെ പ്രിയ ശിഷ്യരോടൊപ്പം താബോർമലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ രൂപാന്തരപ്പെ ട്ടതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ ഞങ്ങളുടെ പ്രാർത്ഥ നാവേളകളും ധ്യാനനിമിഷങ്ങളും ദൈവാനുഭവത്തിന്റെയും ദൈവ ദർശനത്തിന്റെയും അവസരങ്ങളാക്കിത്തീർത്ത് അങ്ങയുടെ യഥാർത്ഥ ശിഷ്യരായി ഞങ്ങളെ രൂപാന്തരപ്പെടുത്തണമെന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
5. നമ്മുടെ കർത്താവീശോമിശിഹാ അന്ത്യ അത്താഴവേളയിൽ സ്വശരീരരക്തങ്ങൾ ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് വിശുദ്ധ കുർബാന സ്ഥാപിച്ചതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ അങ്ങയെപ്പോലെ ഞങ്ങളും മറ്റുള്ളവർക്കായി മുറിക്കപ്പെടുവാനും, പങ്കുവയ്ക്കപ്പെടുവാനും, സ്നേഹത്തിന്റെ‚ ഒാർമ്മയാകുവാനും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
ദുഃഖകരമായ ദിവ്യരഹസ്യങ്ങൾ
(ചൊവ്വാഴ്ച്ചയും, വെള്ളിയാഴ്ച്ചയും)
1. നമ്മുടെ കർത്താവീശോമിശിഹാ പ്രിയ ശിഷ്യരോടൊപ്പം ഗത്സെമിനിയിൽ പ്രാർത്ഥിക്കുവാൻ ഒരുങ്ങുമ്പോൾ, അവിടുന്ന് ഒരു കല്ലേറുദൂരം മാറി മുട്ടുകുത്തി ചോര വിയർത്തു പ്രാർത്ഥിച്ച തിനെപ്പറ്റി ധ്യാനിക്കാം.
നമുത്ഥു പ്രാർത്ഥിക്കാം, കർത്താവേ, ജീവിതത്തിൽ ഒറ്റപ്പെടുന്നതും ഒറ്റിക്കൊടുക്കപ്പെടുന്നതുമായ വേളകളിൽ, മറ്റുള്ളവരിൽ നിന്നും ഒരു കല്ലേറു ദൂരം മാറി നിന്ന് ചോര ചിന്തി പ്രാർത്ഥിക്കുവാൻ തക്ക ദൈവവിശ്വാസവും ശരണവും തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
2. നമ്മുടെ കർത്താവീശോമിശിഹായെ ദേശാധിപതിയായ പീലാത്തോസ് വിചാരണ ചെയ്തശേഷം ചമ്മട്ടികൊണ്ട് അടിക്കുവാൻ വിധി പ്രസ്താവിക്കുമ്പോഴും, ശാന്തതയോടെ നിൽക്കുന്ന ഈശോയെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും ചെയ്യാത്ത കുറ്റങ്ങൾക്കും അറിയാത്ത തെറ്റുകൾക്കും വിധി വാചകങ്ങളും, ചമ്മട്ടി അടികളും ഞങ്ങൾ ഏൽക്കേതായി വരുന്നു. അപ്പോഴെല്ലാം അങ്ങയെപ്പോലെ ശാന്തതയോടും സമചിത്തതയോടും കൂടി ആയിരിക്കുവാനുള്ള കൃപാവരം നൽകണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
3. നമ്മുടെ കർത്താവീശോമിശിഹായെ മുൾക്കിരീടം അണിയിച്ചതിനുശേഷം പടയാളികൾ അവിടുത്തെ മുഖത്ത് തുപ്പുകയും പരി ഹസിക്കുകയും മർദ്ദിക്കുകയും മൂലം രക്തമൊലിക്കുന്ന മുഖവുമായി നിൽക്കുന്ന രക്ഷകനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ, ജീവിതത്തിൽ അനേകരുടെ പരിഹാസ ശരങ്ങളും കുറ്റപ്പെടുത്തലുകളും മൂലം, ഞങ്ങളുടെ ഹൃദയത്തിൽ നിന്നും, മുഖത്തുനിന്നും രക്തം വാർന്നൊഴുകുന്ന നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം അങ്ങയെ തിരുമുഖത്തെക്കുറിച്ച് ഓർക്കുവാനും, ശാന്തമായി സഹിക്കുവാനും ഞങ്ങളെ അനുഗരഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
4. നമ്മുടെ കർത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ട ശേഷം ഭാരമേറിയ കുരിശും വഹിച്ചുള്ള കാൽവരി യാത്രയിൽ മൂന്നു പ്രാവശ്യം വീഴുന്നുവെങ്കിലും കുരിശുമായ് ഗാഗുൽത്തായിൽ എത്തിച്ചേർന്നതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ അങ്ങയെപ്പോലെ ഞങ്ങൾക്കും പീഡാനുഭവത്തിന്റെ കാൽവരിയിലേക്ക് ഭാരമേറിയ കുരിശും വഹിച്ച് നടന്നു നീങ്ങേണ്ടതായി വരുന്നു. അപ്പോഴെല്ലാം സമചിത്തതയോടും സന്തോഷത്തോടും കൂടെ കുരിശുകളെ ഏറ്റെടുത്ത് കാൽവരി കയറാനുള്ള ശക്തി തരണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ, പടയാളികൾ അവിടുത്തെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് കൈകളിലും കാലുകളിലും ആണികൾ തറയ്ക്കുമ്പോഴും അവിടുന്ന്ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് പിതാവിന്റെ സന്നിധിയിൽ സ്വജീവൻ സമർപ്പിക്കുന്നതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, ജീവിതത്തിന്റെ കുരിശിൽ കിടന്ന് പിടയുമ്പോഴും, ശത്രുക്കൾക്കുവേ പ്രാർത്ഥിക്കുവാനും അങ്ങയുടെ അഭീഷ്ടം നിറവേറ്റുവാനും, ഞങ്ങളെയും ഞങ്ങളുടെ പാപങ്ങളെയും കുരിശിൽ തറയ്ക്കുവാനുമുള്ള അർപ്പണ മനോഭാവം ഞങ്ങൾക്ക് തരണമെന്ന് പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ഞായറാഴ്ച്ചയും, ബുധനാഴ്ച്ചയും)
1. നമ്മുടെ കർത്താവീശോമിശിഹാ തന്റെ കുരിശുമരണത്തിന്റെ മൂന്നാംദിവസം കല്ലറകളെ ഭേദിച്ച് മഹത്വപൂർണ്ണനായി ഉത്ഥാനം ചെയ്തതിനെപ്പറ്റി ധ്യാനിക്കാം.
നമുക്ക് പ്രാർത്ഥിക്കാം, ഉത്ഥിതനായ മിശിഹായേ, അങ്ങയുടെ കുരിശിന്റെ പാതയിലൂടെ സഞ്ചരിച്ചാലേ ഉത്ഥാനാനുഭവം ഉണ്ടാകുകയുള്ളുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് ജീവിതത്തിലെ കുരിശുകളും പീഡകളും വിശുദ്ധ കുരിശിനോട് ചേർത്തു വച്ച് ഉത്ഥാന പ്രതീക്ഷയോടെ ജീവിക്കാനുള്ള കൃപാവരം തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
2. ഉത്ഥിതനായ ഈശോമിശിഹാ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടശേഷം നാല്പതാം ദിവസം തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ ബഥാനിയായിൽ വച്ച് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, ഞങ്ങൾക്ക് സ്ഥലമൊരുക്കുവാനായി സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളിയ മിശിഹായേ, അനശ്വരമായ സ്വർഗ്ഗീയ സൗഭാഗ്യത്തെ ലക്ഷ്യമാക്കി ജീവിക്കുവാനും അങ്ങയുടെ രണ്ടാമത്തെ ആഗമനത്തെപ്പറ്റി പ്രതീക്ഷയോടെ ജീവിക്കുവാനുമുള്ള കൃപാവരം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
3. നമ്മുടെ കർത്താവീശോമിശിഹായുടെ സ്വർഗാരോഹണാനന്തരം പരിശുദ്ധ കന്യകാമറിയവും ശിഷ്യരും കൂടെ സെഹിയോൻ മാളിക യിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, കർത്താവേ ഞങ്ങളും ശിഷ്യരെപ്പോലെ നഷ്ടധൈര്യരായി പ്രാർത്ഥിക്കുമ്പോൾ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ച് വിശ്വാസത്തിൽ ഉറപ്പും ജീവിതത്തിൽ പ്രത്യാശയുമുള്ളവരാക്കിത്തീർക്കണമെന്ന് ഞങ്ങൾപ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
4. പരിശുദ്ധ ദൈവമാതാവ് മഹത്വപൂർണ്ണയായി മാലാഖാമാരാൽ ദൈവപിതാവിന്റെ സന്നിധിയിലേക്ക് സംവഹിക്കപ്പെട്ടതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, സ്വർഗ്ഗത്തിലും ഭൂമിയിലും ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന പരിശുദ്ധ അമ്മേ, അങ്ങ് വഴിയായി ഈ ലോകത്തിലും പരലോകത്തിലും അങ്ങേ തിരുക്കുമാരനോടൊപ്പം ജീവിക്കുവാനുള്ള സൗഭാഗ്യം തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
5. പരിശുദ്ധ ദൈവമാതാവ്‚ സ്വർഗ്ഗാരോപണാനന്തരം, തന്റെ‚ പ്രിയപുത്രനാൽ ആകാശത്തിന്റെയും ഭൂമിയുടെയും റാണിയായി മുടി ധരിപ്പിക്കപ്പെട്ടതിനെപ്പറ്റി ധ്യാനിക്കാം.
നമുക്കു പ്രാർത്ഥിക്കാം, സ്വർല്ലോക രാജ്ഞിയായി വാഴുന്ന പരിശുദ്ധ അമ്മേ, അങ്ങുവഴിയായി ഞങ്ങളും ഉത്ഥിതനായ ഈശോ മിശിഹായെ അറിയുവാനും സ്വർഗ്ഗീയ പുണ്യങ്ങളിലും മാനുഷിക നന്മയിലും മഹത്വീകൃതരാകുവാനും അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വ. 10 നന്മ. 1 ത്രി.
ജപമാല സമർപ്പണം
മുഖ്യദൂതനായ വി.മിഖായേലേ, ദൈവദൂതന്മാരായ വി.ഗബ്രിയേലേ, വി.റപ്പായാലേ, മഹാത്മാവായ വി.യൗസേപ്പേ, ശ്ലീഹന്മാരായ വി.പത്രോസേ, വി.പൗലോസേ, വി.യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നു എങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടു കൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ദൈവമാതാവിന്റെ ലുത്തിനിയ
കർത്താവേ! അനുഗ്രഹിക്കണമെ,
കർത്താവേ. . .
മിശിഹായേ! അനുഗ്രഹിക്കണമെ,
മിശിഹായേ. . .
കർത്താവേ! അനുഗ്രഹിക്കണമെ,
കർത്താവേ. . .
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ,
മിശിഹായേ. . .
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ,
മിശിഹായേ. . .
സ്വർഗസ്ഥനായ പിതാവായ ദൈവമെ,
ഞങ്ങളെ അനുഗ്രഹിക്കണമെ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
ഞങ്ങളെ. . .
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ. . .
ഏകദൈവമായ പരിശുദ്ധത്രിത്വമെ,
ഞങ്ങളെ. . .
പരിശുദ്ധമറിയമെ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദൈവത്തിന്റെ പരിശുദ്ധ ജനനി,
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്റെ മാതാവേ,
പ്രത്യാശയുടെ മാതാവേ,
ഏറ്റം നിർമ്മലയായ മാതാവേ,
അത്യന്തവിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യകാത്വത്തിന് ഭംഗം വരാത്ത മാതാവേ,
സ്നേഹത്തിന് ഏറ്റവും യോഗ്യയായ മാതാവേ,
അത്ഭുതത്തിന് വിഷയമായ മാതാവേ,
സദുപദേശത്തിന്റെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവേ,
തിരുസഭയുടെ മാതാവേ,
കരുണയുടെ മാതാവേ,
രക്ഷകന്റെ മാതാവേ,
ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്കു യോഗ്യയായ കന്യകേ,
മഹാവല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമെ,
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമെ,
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമെ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
അഭയാർത്ഥികളുടെ ആശ്വാസമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞീ,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ,
ദീർഘദർശികളുടെ രാജ്ഞീ,
ശ്ലീഹന്മാരുടെ രാജ്ഞീ,
വേദസാക്ഷികളുടെ രാജ്ഞീ,
വന്ദകന്മാരുടെ രാജ്ഞീ,
കുടുംബങ്ങളുടെ രാജ്ഞീ,
കന്യകകളുടെ രാജ്ഞീ,
സകലവിശുദ്ധരുടെയും രാജ്ഞീ,
അമലോത്ഭവയായ രാജ്ഞീ,
സ്വർഗ്ഗാരോപിതയായ രാജ്ഞീ,
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,
സമാധാനത്തിന്റെ രാജ്ഞീ,
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാട്ടിൻകുട്ടീ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാട്ടിൻകുട്ടീ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവചെമ്മരിയാട്ടിൻകുട്ടീ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വേശ്വരന്റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്, ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗൃഹീതയുമായ കന്യകാ മാതാവേ, സകല ആപത്തുകളിൽനിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണ മനസ്സോടുകൂടി സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കൺപാർത്ത് എപ്പോഴും പരിശുദ്ധ കന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്കു തരണമേ. ആമ്മേൻ.
പരിശുദ്ധരാജ്ഞീ (Hail Holy Queen)
പരിശുദ്ധരാജ്ഞീ കരുണയുളള മാതാവേ സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറന്തളളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റ ഈ താഴ്വരയിൽ നിന്ന് വിങ്ങി കരഞ്ഞ് അങ്ങേപക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുളള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേൻ
ലീ : നമുക്ക് പ്രാർത്ഥിക്കാം, (സമൂഹവും ചേർന്ന്) തിരുവചനത്തി ലൂടെ/ സംസാരിക്കുന്ന നിത്യപ്രകാശമായ മിശിഹായേ/ ഞങ്ങളിപ്പോൾ കേൾക്കുവാൻ പോകുന്ന ദൈവവചനം/ ഭക്തിയോടും ശ്രദ്ധയോടും കൂടി ശ്രവിക്കുന്നതിനും/ അവ ജീവിതത്തിൽ പ്രാവർത്തികമാക്കി/ നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനുമുള്ള കൃപയും ശക്തിയും/ഞങ്ങൾക്ക് നൽകണമേ. അപ്രകാരം ദൈവവചനത്തിന് അനുസൃതമായി/ ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും/ നവീകരിക്കുന്നതിനും ഞങ്ങളെ സഹായിക്കണമെ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ.
സുവിശേഷ ഗീതം
സമൂ : സുവിശേഷ വെളിച്ചത്താൽ
ഇരുളെല്ലാം നീക്കിടുവാൻ
അവതാരം ചെയ്തവനേ
കൈകൂപ്പി വണങ്ങീടാം
കർത്താവേ, ധരണിയിൽ നിൻ
സാക്ഷികളായ്ത്തീർന്നീടുവാൻ (2)
ഞങ്ങളിൽ നിൻ സുവിശേഷം
പൂങ്കിരണം ചൊരിയട്ടെ (2)
ബൈബിൾ വായന
ലീഡർ ബൈബിൾ വായിക്കുന്നു
വചന സന്ദേശം
കാറോസൂസ
ലീ: നമുക്കെല്ലാവർക്കും വിശ്വാസത്തോടും ഭക്തിയോടും കൂടെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ എന്നപേക്ഷിക്കാം.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
ലീ: സമറിയാക്കാരന്റെ ഉപമയിലൂടെ നല്ല അയൽക്കാരനായി വർത്തിക്കണമെന്ന് ഞങ്ങളെ ഉപദേശിച്ച കർത്താവേ, കൈ്രസ്തവ കൂട്ടായ്മയിലെ അംഗങ്ങളും അയൽക്കാരുമായ ഞങ്ങൾ തമ്മിൽ പരസ്പര സ്നേഹത്തോടും സഹായ മനഃസ്ഥിതിയോടും കൂടെ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
ലീ: സഭയുടെ ചെറിയ പതിപ്പായ കുടുംബങ്ങളെ വിശുദ്ധിയിലും ഭദ്രതയിലും കാത്തുസംരക്ഷിച്ച് കുടുംബങ്ങൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും പരസ്പര സ്നേഹത്തിലും സഹവർത്തിത്വത്തിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
ലീ: ഞങ്ങളുടെ ഇടവകയിൽ/മിഷനിൽ/നിയുക്ത മിഷനിൽ ഉള്ള എല്ലാ കുടുംബക്കൂട്ടായ്മ്മകളെയും, കുടുംബങ്ങളെയും, പ്രത്യേകിച്ച് ഇന്നേ ദിവസം പ്രാർത്ഥനാക്കൂട്ടായ്മ്മ നടക്കുന്ന ഈ കുടുംബത്തെയും ഇവിടെ സമ്മേളിച്ചിരിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
ലീ: തിരുസഭയുടെ അധിപനായ മാർ ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടിയും ഞങ്ങളുടെ സഭാതലവനും പിതാവുമായ മാർ ജോർജ് ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കുവേണ്ടിയും ഞങ്ങളുടെ രൂപതാദ്ധ്യക്ഷനും പിതാവുമായ മാർ ജോസഫ് മെത്രാനുവേണ്ടിയും ഞങ്ങളുടെ ഇടവകയിൽ/മിഷനിൽ/നിയുക്ത മിഷനിൽ സേവനം അനുഷ്ഠിക്കുന്ന വൈദികൻ, കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, മതാദ്ധ്യാപകർ, ദൈവാലയ ശുശ്രൂഷികൾ എന്നിവർക്കുവേണ്ടിയും അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂ: കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
(For Children to Lead)
1. God of everlasting love, who provides all things, we pray for all people: make your way known to them, your saving power among all nations. We pray for the welfare of your church here on earth: guide and govern it by your Spirit, so that all who call themselves Christians may be led in the way of truth and hold the faith in unity of spirit, in the bond of peace, and in righteousness of life. We pray to the Lord.
Congregation: Lord, hear our prayer
2. We commend to Your fatherly goodness all who are afflicted or distressed in body, mind or circumstances [especially. . .]: to help them in their needs, to give them patience in their sufferings, and to deliver them from their afflictions. We pray to the Lord.
Cong: Lord, hear our prayer
3. We pray for those who suffer, the sick, the poor, the depressed, the lonely, the unloved, the persecuted, the unemployed, those who Grieve, and those who care for them. We pray to the Lord.
Cong: Lord, hear our prayer
4. Comfort and heal, merciful Father, all who are in sorrow, need, sickness or any other trouble. Give them a firm trust in your goodness, help those who minister to them, and bring us all into the joy of your salvation. We pray to the Lord.
Cong: Lord, hear our prayer.
More bidding prayers could be added.
Let us commend ourselves and one another to the Father, to the Son and to the Holy Spirit.
Cong: Lord our God, we commend ourselves to Thee
ലീ : നമുക്കുപ്രാർത്ഥിക്കാം, (സമൂഹവും ചേർന്ന്) സർവ്വ നന്മകളു ടെയും അനുഗ്രഹങ്ങളുടെയും ദാതാവായ ദൈവമേ/ഞങ്ങളുടെ എല്ലാ അപേക്ഷകളും യാചനകളും/ ഞങ്ങൾ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു. അങ്ങേ തിരുഹിതത്തിന് അനുയോജ്യമെങ്കിൽ/ അവ സാധിച്ചു തന്ന്/ ഞങ്ങളുടെ ജീവിതത്തെ/ സന്തോഷപ്രദവും അനുഗ്രഹപൂർണ്ണവും ആക്കണമെ. എപ്പോഴും അങ്ങയുടെ ഇഷ്ടം മാത്രം അന്വേഷിക്കുവാനും നിറവേറ്റുവാനുമുള്ള/ വിശ്വാസവും പ്രത്യാശയും ഞങ്ങൾക്ക് നൽകണമെ. സകലത്തിന്റെയും നാഥാ, എന്നേയ്ക്കും.
സമൂ: ആമ്മേൻ.
ഗാനം
എത്രയും ദയയുളള മാതാവേ നിൻ,
സങ്കേതം തേടി വരുന്നു ഞങ്ങൾ
നിൻ ചാരത്തോടിയണഞ്ഞവരേ നീ
ഒരുനാളും കൈവിടില്ലല്ലോ തായേ
ശരണം ഗമിപ്പൂ നിൻ തൃപ്പാദത്തിൽ
കരുണ തൻ നിറകുടമാകുമമ്മേ
കനിവോടെ ഇവരെ നീ കാക്കണമേ
കന്യകമാരുടെ റാണി നീയേ
നെടുവീർപ്പും കണ്ണീരും കൈമുതലായ്
അലയുമീ പാപികൾ തനയരല്ലോ
അളവില്ലാ നിൻ ദയാവായ്പിലിതാ
അഭയത്തിനണയുന്നു സാധുശീലർ
അവതാരം ചെയ്തൊരു വചനത്തിന്റെ
അമലയാം അംബികേ നൻമ പൂർണ്ണേ
അവനിയിൽ സുതരുടെ യാചനകൾ
അലിവോടെ കേട്ടു നീ അഭയമേകൂ
കുടുംബ പ്രതിഷ്ഠ
കുടുംബനായകൻ: ഈശോയുടെ തിരുഹൃദയമേ, (സമൂഹവും കൂടി) ഞങ്ങളുടെ കുടുംബത്തേയും ഞങ്ങളെ ഓരോരുത്തരെയും ഞങ്ങൾ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെകുടുംബത്തിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കണമെ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീർവദിക്കണമെ. ഞങ്ങളുടെ സന്തോഷങ്ങൾ വിശുദ്ധീകരിക്കുകയും സങ്കടങ്ങളിൽ ആശ്വാസം നല്കുകയും ചെയ്യണമേ. ഞങ്ങളിൽ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയായാൽ ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളുടെ കുടുംബത്തിലുള്ളവരേയും ഇവിടെ നിന്നകന്നിരിക്കുന്നവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരിച്ചു പോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേയ്ക്കു പ്രവേശിപ്പിക്കണമേ. അങ്ങയെ കണ്ടാനന്ദിക്കുവാൻ സ്വർഗ്ഗത്തിലെത്തുന്നതു വരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്റെ വിമല ഹൃദയവും മാർ യൗസേപ്പിതാവും ഞങ്ങളുടെ പ്രതിഷ്ഠയെ അങ്ങേയ്ക്കു സമർപ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്റെ‚ സജീവസ്മരണ ഞങ്ങളിൽ നിലനിർത്തുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ‚ വിമല ഹൃദയമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മാർ യൗസേപ്പിതാവേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മാർതോമാ ശ്ലീഹായേ
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മർഗ്ഗരീത്താമറിയമേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ അൽഫോൻസാമ്മേ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാപനാശീർവാദം
എല്ലാവരും ഇരിക്കുന്നു
Presentation of Report
Discussion and Refreshment