ദുഃഖശനി

(കാർമ്മികനും ശുശ്രൂഷികളും സഹായികളും ക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങൾ ധരിച്ച്, കുർബാനക്രമത്തിൽ നിർദ്ദേശിച്ചിരിക്കുന്നതനുസരിച്ച് പ്രദിക്ഷണമായി വചനവേദിയിൽ വന്നുനിൽക്കുന്നു).

സ്നേഹത്തിന്റെ കല്പന

(യോഹ. 13:34-35)

കാര്‍മ്മി: അന്നാപെസഹാത്തിരുനാളില്‍
കര്‍ത്താവരുളിയ കല്പനപോല്‍
തിരുനാമത്തില്‍ ച്ചേര്‍ന്നീടാം
ഒരുമയോടി ബലിയര്‍പ്പിക്കാം.

സമുഹം: അനുരഞ്ജിതരായ്‌ തീര്‍ന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന്‍ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം.

മാലാഖമാരുടെ കീര്‍ത്തനം

(ലൂക്കാ 2:14)

കാര്‍മ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തൂതി.

സമൂഹം: ആമ്മേന്‍.

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേന്‍.

(പകരം ഗാനം)

കാര്‍മ്മി: അത്യുന്നതമാം സ്വര്‍ല്ലോകത്തില്‍ സര്‍വ്വേശനു സ്തൂതി ഗീതം.

സമൂഹം: ഭൂമിയിലെങ്ങും മര്‍ത്യനു ശാന്തി പ്രത്യാശയു മെന്നേക്കും.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമെ / അങ്ങയുടെ രാജ്യം വരണമെ. അങ്ങയുടെ തിരുമനസ്സു സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. ഞങ്ങള്‍ക്കു ആവശ്യകമായ ആഹാരം / ഇന്നു ഞങ്ങള്‍ക്കു തരണമെ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ, ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ. ദുഷ്ടാരൂപിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമെ. എന്തുകൊണ്ടെന്നാല്‍ /രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു / മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന്‌ ഉല്‍ഘോഷിക്കുന്നു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

(പകരം ഗാനം)

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍
നാമം പൂജിതമാകണമേ
നിന്‍ രാജ്യം വന്നീടണമേ
പരിശുദ്ധന്‍ നീ പരിശുദ്ധന്‍.

സമൂഹം:  സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍,
സ്തുതിതൻ നിസ്തുല മഹിമാവാല്‍
ഭൂസ്വര്‍ഗ്ഗങ്ങള്‍ നിറഞ്ഞു സദാ,
പാവനമായി വിളങ്ങുന്നു.

വാനവ മാനവ വൃന്ദങ്ങള്‍
ഉദ്ഘോഷിപ്പു സാമോദം
പരിശുദ്ധന്‍ നീ എന്നെന്നും,
പരിശുദ്ധന്‍ നീ പരിശുദ്ധന്‍.

സ്വര്‍ഗ്ഗസ്ഥിതനാം താതാ നിന്‍
നാമം പൂജിതമാകണമേ
നിന്‍ രാജ്യം വന്നീടണമേ
നിന്‍ ഹിതമിവിടെ ഭവിക്കണമെ.

സ്വര്‍ഗ്ഗത്തെന്നതുപോലുലകില്‍
നിന്‍ ചിത്തം നിറവേറണമേ
ആവശ്യകമാമാഹാരം
ഞങ്ങള്‍ക്കിന്നരുളീടണമേ.

ഞങ്ങള്‍ കടങ്ങള്‍ പൊറുത്തതുപോല്‍
ഞങ്ങള്‍ക്കുള്ള കടം സകലം
പാപത്തിന്‍ കട ബാദ്ധ്യതയും
അങ്ങു കനിഞ്ഞു പൊറുക്കണമേ.

ഞങ്ങള്‍ പരീക്ഷയിലൊരുനാളും,
ഉള്‍പ്പെടുവാനിടയാകരുതേ,
ദുഷ്ടാരൂപിയില്‍ നിന്നെന്നും,
ഞങ്ങളെ രക്ഷിച്ചരുളണമേ.

എന്തെന്നാലെന്നാളേക്കും,
രാജ്യം ശക്തിമഹത്വങ്ങള്‍,
താവകമല്ലോ കര്‍ത്താവേ,
ആമ്മേനാമ്മേനെന്നേക്കും.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: അത്ഭുതകരമായ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിച്ച കരുണാനിധിയായ മിശിഹായെ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു. മാമ്മോദീസായിലൂടെ പുതുജന്മം നൽകുകയും പാപമോചനത്തിലൂടെ ഞങ്ങളെ അനുരഞ്ജിപ്പിക്കുകയും ചെയ്ത നിന്റെ അനന്തമായ സ്നേഹത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. നിന്റെ മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മ ആചരിക്കുന്ന ഞങ്ങളെ നിന്റെ ഉയിര്‍പ്പിന്റെ മഹത്ത്വത്താല്‍ ധന്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേന്‍.

സങ്കീര്‍ത്തനമാല

ദൈവമേ, ഞങ്ങളുടെ പിതാക്കന്മാര്‍
അങ്ങയില്‍ ശരണപ്പെട്ടു;
അങ്ങ്‌ അവരെ രക്ഷിക്കുകയും ചെയ്തു.

തന്റെ ഭവത്തില്‍ വസിക്കുന്നവരുടെ
സംരക്ഷകനായ കര്‍ത്താവില്‍
നമുക്ക്‌ പ്രത്യാശയര്‍പ്പിക്കാം.

ദൈവമേ, ഞങ്ങളുടെ പിതാക്കന്മാര്‍
അങ്ങയില്‍ ശരണപ്പെട്ടു;
അങ്ങ്‌ അവരെ സംരക്ഷിക്കുകയും ചെയ്തു.

അങ്ങയെ വിളിച്ചപേക്ഷിച്ചതിനാല്‍
അവരെല്ലാവരും രക്ഷപ്രാപിച്ചു.

അങ്ങയില്‍ ആശ്രയിച്ചതിനാല്‍
അവര്‍ക്കു ലജ്ജിക്കാനിടയില്ല.

കര്‍ത്താവ്‌ എന്റെ ഇടയനാകുന്നു;
എനിക്ക്‌ ഒന്നിനും മുട്ടുണ്ടാവുകയില്ല.

സമൃദ്ധമായ പുല്‍ത്തകിടികളില്‍
അവിടുന്ന്‌ എന്നെ മേയിക്കും;
പ്രശാന്തമായ ജലാശയത്തിലേയ്ക്ക്‌
അവിടുന്ന്‌ എന്നെ നയിക്കും.

അവിടുന്ന്‌ എന്നെ ബലപ്പെടുത്തുകയും
തന്റെ നാമത്തിനു ചേര്‍ന്നവിധം
നേര്‍വഴിക്ക്‌ എന്നെ നയിക്കുകയും ചെയും.

അങ്ങുന്ന്‌ എന്റെ കൂടെയുള്ളതിനാല്‍
മരണത്തിന്റെ താഴ്വരയിൽക്കൂടി നടക്കാനും
ഞാന്‍ ഭയപ്പെടുകയില്ല.

ഭൂമിയും അതിലെ വസ്തുക്കളും
രാജ്യങ്ങളും അവയിലെ ജനങ്ങളും
കര്‍ത്താവിന്റേതാകുന്നു.

കര്‍ത്താവേ, എന്റെ ആത്മാവിനെ
അങ്ങേ സന്നിധിയിലേക്ക്‌ ഞാനുയര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ എന്നെ പഠിപ്പിക്കണമേ;
അങ്ങേ ഈടുവഴികള്‍ എനിക്കറിയിച്ചുതരണമേ.

അങ്ങുന്ന്‌ എന്റെ ദൈവവും രക്ഷകനുമാകുന്നു;
ഞാന്‍ എപ്പോഴും അങ്ങില്‍ ശരണപ്പെടുന്നു.

തന്നെ സ്നേഹിക്കുന്നവര്‍ സ്വീകരിക്കേണ്ട മാര്‍ഗം
അവിടുന്നുതന്നെ കാണിച്ചുകൊടുക്കും.

ഞാന്‍ അവിടുത്തെ കൂടാരത്തില്‍
സ്തുതിയുടെ ബലികള്‍ അര്‍പ്പിക്കും;
അവിടെ ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തൂതി.
ആദിമുതല്‍ എന്നേയ്ക്കും. ആമ്മേന്‍.

ദൈവമേ, ഞങ്ങളുടെ പിതാക്കന്മാര്‍
അങ്ങയില്‍ ശരണപ്പെട്ടു;
അങ്ങ്‌ അവരെ രക്ഷിക്കുകയും ചെയ്തു.

തന്റെ ഭവനത്തില്‍ വസിക്കുന്നവരുടെ
സംരക്ഷകനായ കര്‍ത്താവില്‍
നമുക്ക്‌ പ്രത്യാശയര്‍പ്പിക്കാം.

ശുശ്രൂഷി: നമുക്ക്‌ പ്രാര്‍ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: മഹോന്നതനായ കര്‍ത്താവേ, അങ്ങയുടെ ഭയഭക്തിജനകമായ പീഠത്തിന്റെയും ഉന്നതമായ ത്രോണോസിന്റെയും അലംകൃതവും സ്തൂത്യര്‍ഹവുമായ സിംഹാസനത്തിന്റെയും മുമ്പാകെ, അങ്ങയുടെ ശുശ്രൂഷകരായ ക്രോവേന്മാര്‍ ഇടവിടാതെ സ്തുതിക്കുകയും സ്രാപ്പേന്മാര്‍ പരിശുദ്ധന്‍ എന്ന്‌ നിരന്തരം ഉദ്ഘോഷിക്കുകയും ചെയ്യുന്നു. അവരോടു ചേര്‍ന്ന്‌ ഞങ്ങളും അങ്ങേയ്ക്ക്‌ ഭയഭക്തികളോടെ സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍.

ആദിഗീതം

(രീതി: ഉന്നത വാനിടമേ ...)

പാടി വണങ്ങുന്നു സതതം സകലേശാ,
മൂകത വിട്ടെന്നും കാത്തു നയിക്കണമേ.

അവഹേളിക്കുകയായെന്നെ നിരന്തരമാ-
ദുഷ്ടജനാവലിയും വഞ്ചകസഞ്ചയവും.

അവരെന്‍ കണ്മുൻപിൽ വ്യാജം പറയുന്നു
ദ്വേഷമെഴും വാക്കാല്‍ കലഹം കൂട്ടുന്നു.

സ്നേഹത്തിനു പകരം ചേര്‍പ്പു വിദ്വേഷം
പ്രാര്‍ത്ഥിക്കുകയായ്‌ ഞാന്‍ അവരുടെ നന്മയ്ക്കായ്‌.

താതനുമതുപോലെ സുതനും റൂഹായ്ക്കും
സ്തൂതിയും കീര്‍ത്തനവും ആദിമുതല്‍ക്കെന്നും.

കാര്‍മ്മി: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ അനന്തമായ കരുണയും നിരന്തരമായ പരിപാലനയുമോര്‍ത്ത്‌ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം:  ആമ്മേന്‍.

സങ്കീർത്തനത്തിനു ശേഷം

(കാർമ്മികൻ ധൂപം ആശീർവ്വദിക്കുന്നു.)

കാര്‍മ്മി:  പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ / അങ്ങയുടെ ബഹുമാനത്തിനായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ ധൂപം / അങ്ങയുടെ മഹനീയത്രിത്വത്തിന്റെ നാമത്തില്‍ + ആശീർവദിക്കപ്പെടട്ടെ. ഇത്‌ അങ്ങയുടെ പ്രസാദത്തിനും / അങ്ങയുടെ അജഗണത്തിന്റെ പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ എന്നേക്കും.

സമൂഹം: ആമ്മേന്‍.

കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാല്‍ കൃതജ്ഞത പ്രകാശിപ്പിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയാത്തതുമായ / എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി / സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടിനില്ക്കുന്ന സഭയില്‍ / ഞങ്ങള്‍ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. അങ്ങു സകലത്തിന്റെയും നാഥനും സൃഷ്ടാവുമാകുന്നു / പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേന്‍.

(മദുബഹയുടെ വിരിനീക്കുന്നു. ശുശ്രൂഷി മദുബഹയിൽ പ്രവേശിച്ച് ധൂപിക്കുന്നു.)

(ഉത്ഥാന ഗീതം)

(എല്ലാവരും അൾത്താരയിലേക്ക് തിരിഞ്ഞു ശിരസ്സു നമിക്കുന്നു)

സര്‍വ്വാധിപനാം കര്‍ത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മര്‍ത്യനു നിത്യമഹോന്നതമാ
മുത്ഥാനം നീയരുളൂന്നു
അക്ഷയമവനുടെ ആത്മാവി
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

(കാർമ്മികൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞ്)

കാര്‍മ്മി: എന്റെ കര്‍ത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയര്‍പ്പിക്കുന്നവനും / ആത്മാക്കളെ രക്ഷിക്കുന്നവനും / ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങള്‍ എപ്പോഴും നിനക്കു സ്തുതിയും കൃതജ്ഞതയും ആരാധനയും സമര്‍പ്പിക്കുവാന്‍ കടപ്പെട്ടവരാകുന്നു / സകലത്തിന്റെയും നാഥാ എന്നേക്കും.

സമൂഹം: ആമ്മേന്‍.

ത്രൈശുദ്ധ കീര്‍ത്തനം

ശബ്ദമുയര്‍ത്തിപ്പാടിടുവിന്‍
സര്‍വ്വരുമൊന്നായ്‌ പാടിടുവിൻ
എന്നെന്നും ജീവിക്കും
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിൻ

പരിപാവനനാം സര്‍വ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമര്‍ത്യനേ
നിന്‍കൃപ ഞങ്ങള്‍ക്കേകണമേ.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: വിശുദ്ധരില്‍ സംപ്രീതനായി വസിക്കുന്ന / പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കര്‍ത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം / എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും / ഞങ്ങളോടു കരുണകാണിക്കുകയും ചെയുണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേന്‍.

വചന ശുശ്രൂഷ

പഴയ നിയമ വായനകള്‍

ഒന്നാം വായന (ഉല്പത്തി 22: 1-19)

രണ്ടാം വായന (യോനാ 2: 1-10)

ശുശ്രൂഷി:  സഹോദരരേ നിങ്ങള്‍ ഇരുന്നു ശ്രദ്ധയോടെ കേള്‍ക്കുവിന്‍.

വായിക്കുന്നയാള്‍:  ----- പുസ്തകത്തില്‍ നിന്നുള്ള വായന (കാർമ്മികനു നേരെ തിരിഞ്ഞ്) ഗുരോ ആശീർവ്വദിക്കണമേ.

കാര്‍മ്മി: ദൈവം നിന്നെ + അനുഗ്രഹിക്കട്ടെ.

(വായന തീരുമ്പോൾ)

സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തൂതി.

ശുശ്രൂഷി:  പ്രകീര്‍ത്തനം ആലപിക്കുവാനായി നിങ്ങള്‍ എഴുന്നേല്ക്കുവിന്‍.

പ്രകീര്‍ത്തനം

കാര്‍മ്മി:  സര്‍വ്വചരാചരവും,
ദൈവമഹത്വത്തെ, വാഴ്ത്തിപ്പാടുന്നു.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍, ഹല്ലേലുയ്യാ ഗീതികളാല്‍
മാമ്മോദീസാ രഹസ്യത്തിൻ
നിര്‍മ്മലമാകുമനുസ്മരണം, കൊണ്ടാടാം,
ഇന്നീ വേദികയില്‍.

കാര്‍മ്മി: തൻകരവിരുതല്ലോ,
വാനവിതാനങ്ങൾ, ഉദ്ഘോഷിക്കുന്നു.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...

കാര്‍മ്മി: പകലുകൾ പകലുകളോ,
ടവിതരമവിടുത്തെ, പുകളുരചെയുന്നു.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...

കാര്‍മ്മി: നിത്യപിതാവിനും,
സുതനും റൂഹായ്ക്കും, സ്തുതിയുണ്ടാകട്ടെ.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...

കാര്‍മ്മി: ആദിയിലെപ്പോലെ,
ഇപ്പൊഴുമെപ്പോഴും, എന്നേക്കും ആമ്മേന്‍.

സമൂഹം: ദിവ്യാത്മാവിന്‍ ഗീതികളാല്‍ ...

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ / അങ്ങയുടെ ജീവദായകവും ദൈവികവുമായ / കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും / ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ. അതുവഴി ആത്മശരീങ്ങള്‍ക്കുപകരിക്കുന്ന / സ്നേഹവും ശരണവും രക്ഷയും ഞങ്ങളില്‍ ഫലമണിയുന്നതിനും / നിരന്തരം ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നതിനും / അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേന്‍.

ലേഖനം

(റോമാ 6: 3-11)

വായിക്കുന്ന ആള്‍:  സഹോദരരേ, വി. പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക്‌ എഴുതിയ ലേഖനം. (കാർമ്മികനു നേരെ തിരിഞ്ഞ്) ഗുരോ ആശീർവ്വദിക്കണമേ.

കാര്‍മ്മി:  മിശിഹാ + നിന്നെ അനുഗ്രഹിക്കട്ടെ.

(ഒരു ശുശ്രൂഷി കത്തിച്ച തിരിയുമായി സമീപത്തു നിൽക്കുന്നു).

(വായന തീരുമ്പോൾ)

സമൂഹം:  നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.

ഹല്ലേലുയ്യാ ഗീതം

ഹല്ലേലുയ്യാ പാടാമൊന്നായ്‌
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.

കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പം
മര്‍ത്ത്യര്‍ക്കേകും മാമ്മോദീസാ.

പാപങ്ങള്‍ക്കു മരിച്ചൊരു നവമാം
ജീവന്‍ നേടാന്‍ ശക്തി തരുന്നു.

മാമക മാനസമാനന്ദത്തിന്‍
മാധുരിയിന്നു നുകര്‍ന്നിടുന്നു.

താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ

ആദിമുതല്‍ക്കേയിന്നും നിത്യവു
മായി ഭവിച്ചീടട്ടെ ആമ്മേന്‍.

ഹല്ലേലുയ്യാ പാടാമൊന്നായ്‌
ഹല്ലേലുയ്യാ ഹല്ലേലുയ്യാ.

(ഗാനസമയത്ത് കാർമ്മികൻ ധൂപം ആശീർവ്വദിക്കുന്നു. സുവിശേഷവായനയുടെ സമയത്ത് ശുശ്രൂഷി ധൂപാർച്ചന നടത്തുന്നു).

ശുശ്രൂഷി: നമുക്ക്‌ ശ്രദ്ധാപൂര്‍വ്വം നിന്ന്‌ പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കാര്‍മ്മി: സമാധാനം + നിങ്ങളോടു കൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാര്‍മ്മി: വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി

(കാർമ്മികൻ സുവിശേഷം വായിക്കുന്നു. [മത്തായി 28: 1-20] രണ്ടു ശുശ്രൂഷികൾ കത്തിച്ച തിരികളുമായി കാർമ്മികൻറെ ഇരുവശവും നിൽക്കുന്നു. സഹായി മുമ്പിൽ നിന്ന് ധൂപാർച്ചന നടത്തുന്നു. വായന തീരുമ്പോൾ).

സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.

പ്രസംഗം

വിജ്ഞാപനം പ്രിയ സഹോദരരേ, ആദിമസഭയില്‍ വലിയ ശനിയാഴ്ച മാമ്മോദീസ നൽകുന്ന പതിവുണ്ടായിരുന്നു. ഇന്നും ചില സ്ഥലങ്ങളില്‍ അത്‌ പുനരാരംഭിച്ചിട്ടുണ്ട്‌. മാമ്മോദീസായിലൂടെ നാം മിശിഹായോടൊപ്പം മരിച്ച്‌ സംസ്കരിക്കപ്പെട്ട്‌, ഉയിര്‍ത്തെഴുന്നേല്ക്കുന്നുവെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍മ്മിക്കുക. അതുപോലെ, പാപത്തോടു മരിച്ച്‌, മിശിഹായോടൊപ്പം ഉയിര്‍ത്തെഴുന്നേല്ക്കുന്ന അനുഭവമാണ്‌ മാമോദീസായിലൂടെ നമുക്ക്‌ ലഭിക്കുന്നത്‌. ഈ യാഥാര്‍ത്ഥ്യം അനുസ്മരിപ്പിക്കാൻ ഏറ്റവും ഉചിതമായ ദിനം ഇന്നാണല്ലോ. ഇപ്പോള്‍ നടക്കുവാന്‍ പോകുന്ന തിരുക്കര്‍മ്മങ്ങള്‍ മാമ്മോദീസായിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന വലിയ അനുഗ്രഹങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വെള്ളം വെഞ്ചരിച്ച്‌ നമ്മുടെമേല്‍ തളിച്ചുകൊണ്ട്‌ മാമ്മോദീസാജലത്തിലൂടെ നമുക്ക്‌ പുതുജന്മം ലഭിച്ചതിനെ നാം ഓര്‍ക്കുന്നു. ദീപം കൊളുത്തി ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുസ്മരിക്കുന്ന നാം, ഈ ലോകത്തിന്റെ പ്രകാശമായി ജീവിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനാവസരത്തില്‍ നാമെടുത്ത വ്രതങ്ങള്‍ നമുക്ക്‌ നവീകരിക്കാം. സഭയുടെ വിശ്വാസസത്യങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട്‌ മിശിഹായില്‍ നവീകരിക്കപ്പെട്ട ജീവിതം നയിക്കാന്‍ നമുക്ക്‌ ഉത്സാഹിക്കാം. ഈ തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത്‌ ദൈവത്തിന്റെ കൃപയ്ക്കായി നമുക്ക്‌ നമ്മെത്തന്നെ സമര്‍പ്പിക്കാം.

വിശുദ്ധ ജലം വെഞ്ചിരിപ്പ്

കാര്‍മ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങളുടെ ജ്ഞാനസ്നാനത്തിന്റെ ആദിരൂപമായി യോര്‍ദ്ദാനില്‍ വച്ച്‌ ഈശോ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ അവിടുത്തെമേല്‍ ഇറങ്ങി വസിച്ചവനും ഞങ്ങളുടെ പഴയ പ്രകൃതിയെ നവീകരിക്കുന്നവനുമായ പരിശുദ്ധാത്മാവ്‌ ഈ ജലത്തില്‍ ആവസിച്ച്‌ ഇതിനെ വിശുദ്ധീകരിക്കട്ടെ. ആത്മാവിനെയും ശരീരത്തെയും പരിത്രീകരിക്കുവാനും ജീവിതം നവീകരിക്കുവാനുമുള്ള ശക്തി അവിടുന്ന്‌ ഈ ജലത്തിന്‌ പ്രദാനം ചെയ്യട്ടെ. (കാർമ്മികൻ ജലത്തിൽ കുരിശുവരക്കുന്നു) ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മി: വിശുദ്ധ മാമ്മോദീസയാല്‍ ഞങ്ങള്‍ക്ക്‌ പാപമോചനം നൽകുകയും മക്കളുടെ സ്ഥാനത്തേക്ക്‌ ഞങ്ങളെ ഉയര്‍ത്തുകയും ചെയ്ത ദൈവമേ, ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങള്‍ക്കു ലഭിച്ച വിശ്വാസം അഭംഗുരം പാലിക്കുവാനും നിത്യസൗഭാഗ്യത്തിന്‌ അര്‍ഹരാകുവാനും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ, എന്നേക്കും.

സമൂ: ആമ്മേന്‍.

(കാർമ്മികൻ വിശുദ്ധ ജലംകൊണ്ട് വിശ്വാസികളെ തളിക്കുമ്പോൾ താഴെ കാണുന്ന ഗീതം ആലപിക്കാം).

ഗീതം

സര്‍വോന്നതനാം കര്‍ത്താവേ,
നന്ദിയൊടങ്ങയെ വാഴ്ത്തുന്നു
താവകസുതനാമീശോയെ-
തന്നതിനാദരപൂര്‍വമിതാ.

കാരുണ്യത്താല്‍ ഞങ്ങളെ നീ
പാരില്‍ ദൈവിക സുതരാക്കി
മാമ്മോദീസാ സലിലത്താല്‍
ഞങ്ങള്‍ക്കേകീ പുതുജീവന്‍.

പാവനമാമീ ജലമെന്നും
പാപക്കറകള്‍ കഴുകുന്നു.
സ്തുതിയും സ്തോത്രവുമെന്നേക്കും
സുതരില്‍ താവക കരുണയ്ക്കായ്‌.

മര്‍ത്യാത്മാവില്‍ നിറയുന്നു
നിത്യം താവക നൈര്‍മ്മല്യം
ഇന്നു വിശുദ്ധ ജലത്താലേ
തന്നൊരു ദാനം വാഴ്ത്തുകയായ്.

(വചനവേദിയിൽ തിരിച്ചു വന്നതിനുശേഷം കാർമ്മികൻ നിലവിളക്ക് കൊളുത്തിക്കൊണ്ട് ചൊല്ലുന്നു).

കാര്‍മ്മി: ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല എന്നരുളിച്ചെയ്ത മിശിഹാ അന്ധകാരം നീക്കി നമ്മെ പ്രകാശിപ്പിക്കട്ടെ.

സമൂ: ആമ്മേന്‍.

(നിലവിളക്കിൽ നിന്ന് ജനങ്ങൾ തിരികത്തിച്ചെടുക്കുന്നു. അപ്പോൾ പാടുന്നു).

ഗീതം

(രീതി: അവനീപതിയാം...)

വിശ്വവെളിച്ചം ഞാനെന്നരുളിയ
മിശിഹാനാഥനെ വാഴ്ത്തിപ്പാടാം

അങ്ങില്‍നിന്നു കൊളുത്താം ഞങ്ങള്‍
ജീവിതനാളം ദീപ്തിപരത്താൻ.

കൂരിരുള്‍തിങ്ങും ഭൂമിയിലെങ്ങും
നിത്യമുയര്‍ത്താം കൈത്തിരിനാളം.

നിശയുടെയിരുളും നിഴലും നീക്കാന്‍
നാമും കൈത്തിരിമലരുകളാകാം.

ഗാനം

ദീപമേ, സ്വര്‍ല്ലോകദീപമേ,
ജീവന്‍ പകര്‍ന്നിടുന്ന ദീപമേ,
വാനം തുറന്നുവന്ന ദീപമേ,
വാനോര്‍ വണങ്ങിടുന്ന ദീപമേ.

ദീപമേ ...

വിജയത്തിന്‍ പൊന്‍കൊടി പാറിപ്പറന്നു നിന്നു;
മരണത്തിന്‍ കോട്ടകളെല്ലാം തകര്‍ന്നുവീണു:
കല്ലറയില്‍ പുതിയൊരു ജീവന്‍ കുരുത്തുവന്നു;
ദൈവത്തിന്‍ നിത്യകുമാരകനുയിര്‍ത്തുവന്നു.

ദീപമേ ...

ജ്ഞാനസ്നാന വ്രത നവീകരണം

വിജ്ഞാപനം: നമ്മില്‍ മിക്കവരും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ മാമ്മോദീസ സ്വീകരിച്ചവരാണ്‌. അന്നു നമ്മുടെ മാതാപിതാക്കളും ജ്ഞാനസ്നാനമാതാപിതാക്കളുമാണ്‌ നമുക്കുവേണ്ടി സഭയുടെ വിശ്വാസം ഏറ്റപറഞ്ഞത്‌. ആ വിശ്വാസസത്യങ്ങള്‍ നമുക്കിപ്പോള്‍ ബോധപൂര്‍വ്വം ഏറ്റുപറഞ്ഞ്‌ സ്വീകരിക്കാം.

കാര്‍മ്മി: പ്രിയ സഹോദരരേ, നമുക്കൊരുമിച്ച്‌ സഭയുടെ വിശ്വാസ രഹസ്യങ്ങള്‍ ഏറ്റുപറയാം.

കാര്‍മ്മി:സര്‍വ്വശക്തനും പിതാവുമായ ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. (സമൂഹവും ചേർന്നു തുടരുന്നു). ദൃശ്യവും അദൃശ്യവുമായ / സകലത്തിന്റെയും സ്രഷ്ടാവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും / സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും / യുഗങ്ങള്‍ക്കെല്ലാം മുമ്പു പിതാവില്‍ നിന്നു ജനിച്ചവനും / എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും / ഏക കര്‍ത്താവുമായ / ഈശോമിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്നു സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും / പിതാവിനോടുകൂടെ ഏകസത്തയുമാകുന്നു. അവിടുന്നു വഴി / പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും / എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും / നമ്മുടെ രക്ഷയ്ക്കുവേണ്ടിയും / അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്ന്‌ ഇറങ്ങി / പരിശുദ്ധാത്മാവിനാല്‍ / കന്യകാമറിയത്തില്‍ നിന്നു ശരീരം സ്വീകരിച്ച്‌ / മനുഷ്യനായി പിറന്നു. പന്തിയോസ്‌ പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിക്കുകയും / സ്ലീവായിൽ തറക്കപ്പെട്ടു മരിക്കയും / സംസ്ക്കരിക്കപ്പെടുകയും / എഴുതപ്പെട്ടിരിക്കുന്നതുപോലെ / മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. അവിടുന്നു സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി / പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. മരിച്ചവരേയും ജീവിക്കുന്നവരേയും വിധിക്കുവാന്‍ / അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു. പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്ന / സത്യാത്മാവും ജീവദാതാവുമായ / ഏക പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ശൈഹികവും സാര്‍വ്വത്രികവുമായ സഭയിലും / ഞങ്ങള്‍ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസായും / ശരീരത്തിന്റെ ഉയിര്‍പ്പും / നിത്യായുസ്സും ഞങ്ങള്‍ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേന്‍.

കാര്‍മ്മി: നാം ഏറ്റപറഞ്ഞ ഈ വിശ്വാസമനുസരിച്ച്‌ തുടര്‍ന്നും ജീവിതം നയിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

(കാർമ്മികൻ ചൊല്ലിക്കൊടുക്കുന്ന ജ്ഞാനസ്നാന നവീകരണ പ്രാർത്ഥന സമൂഹം ഏറ്റുചൊല്ലുന്നു).

കാര്‍മ്മി: കാരുണ്യവാനായ ദൈവമേ, / അങ്ങയുടെ പുത്രനായ മിശിഹാവഴി / ഞങ്ങളെ രക്ഷിച്ചതിന്‌ / ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. / മാമ്മോദീസയും തൈലാഭിഷേകവും വഴി / ഞങ്ങളുടെ പാപങ്ങള്‍ മോചിച്ച്‌ /ദൈവത്തിന്റെ മക്കളും / പരിശുദ്ധാത്മാവിന്റെ ആലയങ്ങളും /സഭയിലെ അംഗങ്ങളുമായി / ഞങ്ങളെ ഉയര്‍ത്തിയതിന്‌ /അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. / പാപവും പാപമാര്‍ഗ്ഗങ്ങളും ഉപേക്ഷിച്ച്‌ / അങ്ങയുടെ ദിവ്യാത്മാവിന്റെ പ്രേരണകള്‍ക്ക്‌ / അനുസൃതമായി / ജീവിതം നവീകരിക്കുവാനും / ലോകത്തിന്റെ പ്രകാശവും / ഭൂമിയുടെ ഉപ്പുമായി ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

കാര്‍മ്മി: പാപികളെ വിളിക്കുവാന്‍ പാപികളുടെ മധ്യത്തിലേക്കുവന്ന കാരുണ്യവാനായ കര്‍ത്താവേ, പാപികളായ ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗികള്‍ക്കാണു വൈദ്യന്മാരെ ആവശ്യം, സുഖമുള്ളവര്‍ക്കല്ല, എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്തിട്ടുണ്ടല്ലോ. രോഗികളും പാപികളുമായ ഞങ്ങളോട്‌ കരുണതോന്നണമേ.
മാമ്മോദീസാ വഴി ദൈവപുത്രസ്ഥാനത്തേക്ക്‌ അങ്ങ്‌ ഞങ്ങളെ ഉയര്‍ത്തി. എങ്കിലും ധൂര്‍ത്തപുത്രനെപ്പോലെ ഞങ്ങള്‍ അങ്ങില്‍നിന്ന്‌ അകന്നുപോയി. അങ്ങയുടെ മക്കളെന്നു വിളിക്കപ്പെടുവാന്‍ ഞങ്ങള്‍ അര്‍ഹരല്ല. ദൈവമേ, ഞങ്ങളോട്‌ കരുണതോന്നണമേ.
മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയും ലോകത്തിന്റെ സമാധാനവുമായ മിശിഹായേ, അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങള്‍ക്ക്‌ പ്രധാനം ചെയ്യണമേ. ശത്രുതയും വിരോധവും കോപവും പ്രതികാരചിന്തയും വെടിഞ്ഞു പരസ്പര സ്നേഹത്തിലും ധാരണയിലും ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം:  ആമ്മേന്‍.

വിജ്ഞാപനം: മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ നിങ്ങളോടും ക്ഷമിക്കുകയില്ല എന്നു നമ്മുടെ കര്‍ത്താവീശോമിശിഹാ അരുളിചെയ്തിരിക്കുന്നു. സ്വന്തം സഹോദരനെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നവന്‍ കള്ളം പറയുന്നു എന്ന്‌ വി. യോഹന്നാന്‍ ശ്ലീഹാ എഴുതിയിട്ടുണ്ട്‌. ക്രിസ്തീയ സ്നേഹം ഒട്ടേറെ പാപങ്ങള്‍ മായിച്ചുകളയുന്നു എന്നാണ്‌ വി.പത്രോസ്‌ ശ്ലീഹാ പറയുന്നത്‌. ഈ പ്രബോധനങ്ങളൂടെ വെളിച്ചത്തില്‍ ആദ്യക്രിസ്ത്യാനികള്‍ പാലിച്ചുപോന്ന പരസ്നേഹം മറ്റുള്ളവരെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. മാമ്മോദീസായും തൈലാഭിഷേകവും വി. കുര്‍ബാനയും സ്വീകരിക്കുന്നവര്‍ മറ്റുള്ളവരോടു ക്ഷമായാചനം ചെയ്തു ക്രിസ്തീയ സ്നേഹം സുദൃഢമാക്കുവാന്‍ ശ്രമിച്ചിരുന്നു. അവരെ അനുകരിച്ചു നമുക്കും, ഈ അവസരത്തില്‍ പരസ്പരം ക്ഷമിച്ച്‌, യഥാര്‍ത്ഥക്രിസ്ത്യാനികളാകുവാന്‍ ശ്രമിക്കാം. നമുക്കു പ്രാര്‍ത്ഥിക്കാം.

കാര്‍മ്മി: (ജനങ്ങളുടെ നേരെ നിന്ന് ചൊല്ലിക്കൊടുക്കുന്നു). സ്നേഹത്തിന്റെ പ്രമാണവുമായി / ലോകത്തിലേയ്ക്കുവന്ന കര്‍ത്താവേ, / പരസ്പരം സ്നേഹിച്ചുകൊണ്ട്‌, / അങ്ങയുടെ ശിഷ്യരായി ജീവിക്കുവാന്‍ / ഞങ്ങളെ അനുഗ്രഹിക്കണമേ. / അങ്ങു ഞങ്ങളെ സ്നേഹിച്ചതുപോലെ, / ഞങ്ങളും പരസ്പരം സ്നേഹിക്കുവാന്‍ / ഞങ്ങളെ പഠിപ്പിക്കണമേ. / ഞങ്ങളെ ദ്രോഹിച്ചിട്ടുള്ളവരോട്‌, / ഹൃദയപൂര്‍വ്വം ഞങ്ങള്‍ ക്ഷമിക്കുന്നു. / ഞങ്ങള്‍ ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടെങ്കില്‍, / അവരോടു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. /കടങ്ങളെല്ലാം വീട്ടികൊള്ളാമെന്നും, കഴിയുന്ന വിധത്തിലെല്ലാം / മറ്റുള്ളവരെ സഹായിച്ചുകൊള്ളാമെന്നും / ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍.

കാറോസൂസ

ശുശ്രൂഷി:  നമുക്കെല്ലാവര്‍ക്കും അനുതാപത്തോടും ഭക്തിയോടൂംകൂടി നിന്ന്‌ കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ എന്നു പ്രാര്‍ത്ഥിക്കാം.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി:  നാല്പതു ദിനരാത്രങ്ങള്‍ മരുഭൂമിയില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ചെലവഴിച്ച മിശിഹായേ, തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യത്തില്‍ ജീവിക്കുവാനും പ്രാര്‍ത്ഥനാരൂപിയില്‍ വളരുവാനും ഞങ്ങളെ അനുഗ്രഹിക്കണമെന്ന്‌ നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി:  ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ, ഞങ്ങളുടെയും മറ്റുള്ളവരുടെയും പാപങ്ങള്‍ക്കു പരിഹാരമനുഷ്ടിക്കുവാന്‍ ഞങ്ങളെ ശക്തരാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി:  ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല എന്നരുളിച്ചെയ്തു മിശിഹായേ, മാമ്മോദീസയിലൂടെ നവജീവന്‍ പ്രാപിച്ച ഞങ്ങളെ വിശുദ്ധിയിലും ജ്ഞാനത്തിലും വളര്‍ത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി:  മാമ്മോദീസയിലൂടെ ദൈവികജീവന്‍ ഞങ്ങള്‍ക്കു പ്രദാനം ചെയ്തു മിശിഹായേ, ദൈവമക്കള്‍ക്ക്‌ ഉചിതമായ ജീവിതം നയിച്ച്‌ നിന്റെ സാക്ഷികളായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി: ജ്ഞാനസ്നാനത്തിലൂടെ തിരുസഭയുടെ അംഗങ്ങളായി ഞങ്ങളെ ഉയര്‍ത്തിയ മിശിഹായേ, സഭയോടൊത്തു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസ നൽകണമെന്ന് കൽപിച്ച മിശിഹായേ, മാമ്മോദീസയിലൂടെ പ്രകാശത്തിന്റെ പാതയില്‍ എല്ലാവരെയും നയിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി: പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും മാര്‍ഗത്തില്‍ ഞങ്ങളെ നയിക്കുവാന്‍ ഞങ്ങളുടെ പരിശുദ്ധ പിതാവ്‌ മാര്‍ (പേര്) പാപ്പായെയും ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ മാര്‍ (പേര്) ശ്രേഷ്‌ഠ മെത്രാപ്പോലീത്തയെയും ഞങ്ങളുടെ രൂപതാധ്യക്ഷനായ മാര്‍ (പേര്) മെത്രാനെയും മറ്റെല്ലാ മെത്രാന്മാരെയും ആത്മീയനന്മകള്‍ നൽകി അനുഗ്രഹിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂഹം: കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ.

ശുശ്രൂഷി:  നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പൂത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.

സമൂഹം: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

കാര്‍മ്മി: കുരിശുമരണംവഴി ഉത്ഥാനത്തിന്റെ മഹത്ത്വത്തിലേക്കു പ്രവേശിച്ച മിശിഹായേ, മാമ്മോദീസയിലൂടെ ദൈവികജീവന്‍ പ്രദാനം ചെയ്ത അനന്തകാരുണ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. പ്രാര്‍ത്ഥനകള്‍ ശ്രവിച്ച്‌ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ജീവിതം വഴി നിന്റെ സാക്ഷികളായി വര്‍ത്തിക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേന്‍.

കൈവയ്പ്പു പ്രാര്‍ത്ഥന

ശുശ്രൂഷി:  കര്‍ത്താവേ ആശീര്‍വ്വദിക്കേണമേ / സഹോദരരേ നിങ്ങള്‍ കൈവെപ്പിനായി തല കുനിക്കുകയും / ആശീർവ്വാദം സ്വീകരിക്കുകയും ചെയ്യുവിന്‍.

(എല്ലാവരും തലകുനിച്ച് ആശീർവ്വാദം സ്വീകരിക്കുന്നു.)

കാര്‍മ്മി: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, സാര്‍വ്വത്രികവും ശ്ലൈഹീകവുമായ സഭയുടെമേല്‍ / അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമെ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളില്‍നിന്ന്‌ അതിനെ സംരക്ഷിക്കേണമെ. ശ്രദ്ധയോടും ഭക്തിയോടും വിശുദ്ധിയോടും കൂടെ / അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യുവാന്‍ ഞങ്ങളെല്ലാവരേയും ദയാപൂര്‍വ്വം യോഗ്യരാക്കേണമെ.

കാര്‍മ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നു ചേര്‍ന്ന്‌ / അങ്ങയെ ഞങ്ങളുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവര്‍ത്തികളാല്‍ / ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ. അങ്ങേക്കു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും / നിരന്തരം സമര്‍പ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.

സമൂഹം: ആമ്മേന്‍.

ശുശ്രൂഷി:  മാമ്മോദീസാ സ്വീകരിക്കുകയും ജീവന്റെ അടയാളത്താല്‍ മുദ്രിതരാകുകയും ചെയ്തവര്‍ / ഭക്തിയോടും ശ്രദ്ധയോടുംകൂടെ വിശുദ്ധ രഹസ്യങ്ങളില്‍ പങ്കുകൊള്ളട്ടെ. നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

ദിവ്യരഹസ്യ ഗീതം

(രീതി: മിശിഹാ കർത്താവിന് തിരുമെയ് ...)

ഭൂമി മുഴുവൻ സന്തോഷിക്കട്ടെ

രക്ഷാസന്ദേശം, നിറയും പ്രത്യാശ,
ലോകം മുഴുവനിലും.
പങ്കിലമായ പ്രപഞ്ചത്തില്‍,
പാപകടങ്ങള്‍ നീക്കിടുവാന്‍
മരണമടഞ്ഞു തിരുനാഥന്‍,
ലോകം രക്ഷിതമാകുന്നു
ഉത്ഥാനം പകരും സന്തോഷം.

അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ.

രക്ഷാസന്ദേശം ...

ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.

രക്ഷാസന്ദേശം ...

(തുടർന്നുള്ള ഭാഗങ്ങൾ കുർബാന പുസ്തകത്തിൽ നിന്ന്)

ദിവ്യകാരുണൃഗീതവും അനുഗീതവും

(രീതി: ഹല്ലേലൂയാ പാടിടുന്നേൻ ...)

കൈക്കൊള്ളൂന്നീ ദിവ്യരഹസ്യം
കര്‍ത്താവേ, നിന്‍ കാരുണ്യത്താല്‍.

പാപികളാകും ഞങ്ങള്‍ക്കേകിയ
യോഗ്യതയോര്‍ത്തു വണങ്ങീടുന്നു.

കാര്‍മ്മി: നമ്മെ ജീവിപ്പിക്കുന്ന കര്‍ത്താവീശോമിശിഹായുടെ കൃപാവരം / അവിടുത്തെ കാരുണ്യത്താല്‍ നാമെല്ലാവരിലും + സമ്പൂര്‍ണ്ണമാകട്ടെ (ജനങ്ങളെ ആശീർവ്വദിക്കുന്നു).

സമൂഹം: എപ്പോഴും എന്നേക്കും ആമ്മേന്‍.

കുരിശില്‍ ജീവന്‍ ഹോമിച്ചവനാം
മിശിഹായെ നാം വാഴ്ത്തി നമിക്കാം.

നേടാം നൂതനജീവന്‍ പാവന
ഗാത്രനിണങ്ങള്‍ കൈക്കൊണ്ടെന്നും.

(വിശുദ്ധ കുർബാന സ്വീകരണം)

കാര്‍മ്മി: മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ / ഞങ്ങള്‍ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്തു തിരുരക്തവും / ഞങ്ങള്‍ക്കു ശിക്ഷാ വിധിക്കു കാരണമാകാതെ / കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും / നിന്റെ സന്നിധിയില്‍ സന്തുഷ്ടിക്കും നിദാനമാകട്ടെ. സകലത്തിന്റെയും നാഥാ എന്നേക്കും .

സമൂഹം: ആമ്മേന്‍.

സമൂഹം:  ഞങ്ങളുടെ കര്‍ത്താവേ / വിശ്വാസപൂര്‍വ്വം ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍ / ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കുകാരണമാകട്ടെ. യുഗങ്ങളുടെ രാജാവായ മിശിഹായെ / നീ ദാസന്റെയും സൃഷ്ടാവിന്റെയും സാദൃശ്യമാകുന്നു. നിന്നില്‍ വിശ്വസിച്ച സകലരുടെയും / കറകളും കടങ്ങളും / നിന്റെ ശരീരരക്തങ്ങളാല്‍ / നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂര്‍ണ്ണനായി പ്രത്യക്ഷപ്പെടുമ്പോള്‍ / മനോവിശ്വാസത്തോടെ നിന്നെ എതിരേല്ക്കുവാനും / സ്വര്‍ഗ്ഗീയഗണങ്ങളോടുകൂടെ നിന്നെ സ്തുതിക്കുവാനും / ഞങ്ങളെ യോഗ്യരാക്കേണമെ. ആമ്മേന്‍.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ / സ്തുത്യർഹവും പരിശുദ്ധവും / ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച്‌ / ഇവയില്‍ പങ്കുകൊള്ളുവാന്‍ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവര്‍ക്കും / ഇവയുടെ ദാതാവായ ദൈവത്തിന്‌ / സ്തുതിയും കൃതജ്ഞതയും സമര്‍പ്പിക്കാം.

സമൂഹം: അവര്‍ണ്ണനീയമായ ഈ ദാനത്തെക്കുറിച്ച്‌ / കര്‍ത്താവേ അങ്ങേയ്ക്കു സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കൃതജ്ഞതാ പ്രാര്‍ത്ഥനകള്‍

കാര്‍മ്മി: കര്‍ത്താവായ ദൈവമേ, സർവ്വ സൃഷ്ടിജാലങ്ങളുമൊത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ്‌ ഞങ്ങളുടെമേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക്‌ ഞങ്ങള്‍ നന്ദി പറയുന്നു. മാലാഖമാരോടൊത്ത്‌ എന്നും അങ്ങയെ മഹത്ത്വപ്പെടുത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേന്‍. കര്‍ത്താവേ, ആശീർവ്വദിക്കണമേ.

കാര്‍മ്മി:  ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ മിശിഹായേ, മാമ്മോദീസവഴി നിന്റെ മരണത്തിലും സംസ്ക്കാരത്തിലും ഐക്യപ്പെട്ട ഞങ്ങളെ നിന്റെ മഹത്ത്വത്തില്‍ പങ്കുകാരാക്കണമേ. പഴയമനുഷ്യനെ നിന്നോടുകൂടി ക്രൂശിക്കുന്ന ഞങ്ങള്‍ നിന്നോടൊത്തു ജീവിച്ചുകൊണ്ട്‌ നിത്യസൗഭാഗ്യത്തിനര്‍ഹരായിത്തീരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേന്‍.

സമാപനാശീര്‍വാദം

(രീതി: കർത്താവാം മിശിഹാവഴിയായ് ...)

കാര്‍മ്മി: വഴിയും ജീവനുമതുപോലെ
സത്യവുമാകും മിശിഹായേ,
തിരുവുത്ഥാനത്തില്‍ ഞങ്ങള്‍
പങ്കാളികളായ്‌ത്തീരുന്നു.

മാമ്മോദീസാ വഴി ഞങ്ങള്‍
കൈക്കൊണ്ടല്ലോ നവജീവന്‍
നിത്യവുമതു സംരക്ഷിക്കാന്‍
നിന്‍ കൃപ ഞങ്ങള്‍ക്കേകണമേ.

സമൂഹം: ആമ്മേന്‍.

കാര്‍മ്മി: സാക്ഷികളാകണമെന്നെന്നും
സുവിശേഷത്തിനു മര്‍ത്യരിവര്‍
ജനപദമെല്ലാമറിയട്ടെ
രക്ഷാമാര്‍ഗ്ഗം നീതന്നെ.

സ്നേഹവുമൈക്യവുമന്യൂനം
നിങ്ങളിലെന്നും വളരട്ടെ
ത്രിത്വത്തിനു സ്തുതി പാടിടുവിൻ
ഇപ്പൊഴുമെപ്പൊഴു + മെന്നേക്കും.

സമൂഹം: ആമ്മേന്‍.

(അല്ലെങ്കിൽ)

കാര്‍മ്മി:  വഴിയും സത്യവും ജീവനുമായ മിശിഹായേ, നിന്റെ പുനരുത്ഥാനത്തില്‍ ഞങ്ങളെ പങ്കുകാരാക്കുന്നതിന്‌ ഞങ്ങള്‍ നിനക്കു നന്ദിപറയുന്നു. മാമ്മോദീസയിലൂടെ ലഭിച്ച പരിശുദ്ധി അഭംഗം കാത്തുസൂക്ഷിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി ജീവിച്ച്‌ ഞങ്ങള്‍ നിന്റെ സുവിശേഷത്തിന്‌ സാക്ഷികളാകട്ടെ. എല്ലാ ജനപദങ്ങളും നിന്നെ അറിയുവാനും, വിശ്വസിച്ച്‌ മാമ്മോദീസ സ്വീകരിക്കുവാനും, സഭയില്‍ നിന്നെ മഹത്ത്വപ്പെടുത്തുവാനും ഇടവരട്ടെ. നിന്റ ശരീരത്തിലെ അവയവങ്ങളായിത്തീർന്നിരിക്കുന്ന ഞങ്ങള്‍ പരസ്പരസ്നേഹത്തിലും ഐകൃത്തിലും അനുദിനം വളരുകയും ചെയ്യട്ടെ. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സംസര്‍ഗ്ഗവും നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും -- എന്നേക്കും.

സമൂഹം: ആമ്മേന്‍.